Connect with us

National

കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് വന്‍ നേട്ടം; ജമ്മുവില്‍ ഒതുങ്ങി ബി ജെ പി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡി ഡി സി) തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് വന്‍ ജയം. 20 ജില്ലകളില്‍ 13 എണ്ണത്തിലും ഗുപ്കാര്‍ സഖ്യത്തിനാണ് വിജയം. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി എടുത്തുകളഞ്ഞ് കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി താഴ്ത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആണിത്.

നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍ സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം നൂറിലേറെ സീറ്റുകളിലാണ് ജയിച്ചത്. 74 സീറ്റുകളില്‍ ജയിച്ച ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 26 സീറ്റുകള്‍ നേടി. രണ്ട് സീറ്റുകളിലെ പ്രഖ്യാപനം നടക്കാനുണ്ട്.

ജമ്മു മേഖലയില്‍ ബി ജെ പി 71 സീറ്റുകളിലും ഗുപ്കാര്‍ സഖ്യം 45 സീറ്റുകളിലും വിജയിച്ചു. എന്നാല്‍, കശ്മീര്‍ മേഖലയില്‍ ഗുപ്കാര്‍ സഖ്യം 72 സീറ്റുകള്‍ നേടിയപ്പോള്‍ വെറും മൂന്ന് സീറ്റാണ് ബി ജെ പി നേടിയത്. അതേസമയം, 49 സീറ്റുകള്‍ നേടിയ സ്വതന്ത്രന്മാരാകും പല കൗണ്‍സിലുകളിലും നിര്‍ണായകമാകുക.

280 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 20 ജില്ലകളില്‍ 14 വീതം സീറ്റുകളാണുള്ളത്. ബാലറ്റ് പേപ്പര്‍ ആണെന്നതിനാല്‍ വോട്ടെണ്ണല്‍ മന്ദഗതിയിലായിരുന്നു.

Latest