Connect with us

Kerala

'ആചാരവെടി വേണ്ട, റോസാപൂക്കളും; എനിക്കായ് ഒരാല്‍മരം മതി'

Published

|

Last Updated

“ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു,
ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…”

മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ വാക്കുകളാണിത്. മരണത്തിനുമപ്പുറം ചിലതുണ്ടെന്നും മരണം ഒന്നിന്റെയും അവാസനമല്ലെന്നും അവര്‍ കരുതിയിരുന്നു. മരണത്തെ അനുസ്മരിക്കുമ്പോഴും മരണത്തെ ആഘോഷമാക്കുന്നതിനോട് അവര്‍ക്ക് തെല്ലും യോജിപ്പുണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകളില്‍ മിതത്വം പാലിക്കണമെന്നായിരുന്നു അവരുടെ ഒസ്യത്ത്.

മരിച്ചാല്‍ തന്നെ പെട്ടെന്ന് ശാന്തി കവാടത്തില്‍ അടക്കം ചെയ്യണമെന്നും ആദരവുകളും ആചാരവെടികളും മുഴക്കി സമയം കളയരുതെന്നും സുഗതകുമാരിയുടെ ഒസ്യത്തില്‍ പറയുന്നു. ഔദ്യോഗിക ബഹുമതികളോ പുഷ്പചക്രങ്ങളോ തനിക്ക് നല്‍കരുത്. സഞ്ചയനം, പതിനാറടിയന്തരം തുടങ്ങിയവ ഒന്നും വേണ്ട. മരിച്ചാല്‍ ആരെയും കാത്ത് നില്‍ക്കാതെ തൈക്കാട്ടെ ശാന്തി കവാടത്തില്‍ അടക്കം ചെയ്യണം. മൃതദേഹത്തിൽ പുഷ്പചക്രങ്ങൾ അർപ്പിക്കാൻ പാഴാക്കിക്കളയുന്ന പൂക്കളെ ഓർത്താണ് അതൊന്നും വേണ്ടെന്ന് ടീച്ചർ നേരത്തെ തന്നെ പറഞ്ഞുവെച്ചത്.

‘ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ. എനിക്കു വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി” – സുഗതകുമാരി എഴുതിവെക്കുന്നു.

തന്റെ ഓര്‍മക്കായി ഒരു കാര്യം മാത്രം മതിയെന്നും ടീച്ചര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം പേയാടുള്ള അഭയയുടെ പിന്നാമ്പുറത്തെ പാറക്കൂട്ടത്തിനിടക്ക് നിറയെ കിളികള്‍ക്കും അണ്ണാനും ചേക്കോറാനായി ഒരു ആല്‍മരം നടണമെന്ന്. പരിസ്ഥിതിയോടുള്ള ടീച്ചറുടെ പ്രണയം എത്രമേല്‍ തീവ്രമായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തനിക്ക് പോകാന്‍ സമയമായെന്നും മരണം തൊട്ടടുത്ത് എത്തിയെന്നും ടീച്ചര്‍ പലപ്പോഴും പറഞ്ഞിരുന്നു. രണ്ടാമതും ഹൃദയാഘാതം സംഭവിച്ചപ്പോഴായിരുന്നു ടീച്ചറുടെ ഈ വാക്കുകള്‍. മരണവേദന എന്തെന്ന് താന്‍ ആദ്യമായി അറിഞ്ഞുവെന്നും ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക് ഇടിച്ചിടിച്ച് ഇറക്കുന്നത് പോലുള്ള വേദനയാണ് അതെന്നും അവര്‍ പറഞ്ഞിരുന്നു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.