Connect with us

Kerala

മുഖ്യമന്ത്രിയും സി പി എമ്മും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു: യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പാളിച്ചയുണ്ടായെന്നും ഇത് തുറന്ന് സമ്മതിക്കുന്നതായും യു ഡി എഫ് നേതാക്കള്‍. തെറ്റുകളും പാളിച്ചകളും തിരുത്തി സര്‍ക്കാറിനെതിരെ പോരാട്ടം തുടരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടുമെന്നും നേതാക്കള്‍ യു ഡി എഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തില്‍ സര്‍ക്കാറും മുഖ്യമന്ത്രിയും അഹങ്കരിക്കുകയാണ്. യു ഡി എഫ് അപ്രസക്തമെന്ന് കള്ളപ്രചാരണം നടത്തുന്നു. ബി ജെ പിയെ വളര്‍ത്താനാണ് ഇത്തരം പ്രചാരണം. ബി ജെ പിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. ശബരിമല വിവാദകാലത്ത് തുടങ്ങിയതാണ് ബി ജെ പിയെ മുഖ്യപ്രതിപക്ഷമാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം. മുഖ്യമന്ത്രിയും സി പി എമ്മും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

യു ഡി എഫ് മുന്നണിയെ നയിക്കുന്നത് ലീഗ് എന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ളതാണ്. യു ഡി എഫ് മുന്നണിയെ ആര് നയിക്കുമെന്നത് യു ഡി എഫ് തീരുമാനിച്ചോളും. ഇതിന് പിണറായി വിജയന്റെ അഭിപ്രായം ആവശ്യമില്ല. മുഖ്യമന്ത്രിയടെ ഫേസ്ബുക്ക് പോസ്റ്റ് നിലവാരം കുറഞ്ഞതായിപ്പോയി. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ല. വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ്. പുതിയ കാര്‍ഡുമായി ഇറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ കണക്ക് തെറ്റുമെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

തോല്‍വിയുടെ ഗൗരവം ഉള്‍കൊണ്ട് മുന്നോട്ടുപോകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം വ്യക്തമാകും. അടിച്ചമര്‍ത്തല്‍ ഭരണമല്ല ജനം ആഗ്രഹിക്കുന്നത്. അഴിമതി രഹിത ഭരണമാണ് ജനം ആഗ്രഹിക്കുന്നത്. സര്‍ക്കാറിന്റെ അഴിമതിക്കെതിരായ പോരാട്ടം തുടരും. കേരളത്തില്‍ ബി ജെ പി ക്ലച്ച് പിടിക്കില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായി.

തിരഞ്ഞെടുപ്പില്‍ മതമൗലിക വാദികളുടെ പിന്തുണ തേടിയത് സി പി എമ്മാണ്. 62 തദ്ദേശ സ്ഥാപനങ്ങളില്‍ എസ് ഡി പി ഐ- എല്‍ ഡി എഫ് പരസ്യ സഖ്യമുണ്ടായി. എസ് ഡി പി ഐക്ക് സീറ്റ് കൂടാന്‍ കാരണം സി പി എമ്മാണ്. പി ജെ ജോസഫ് മുന്നണിവിട്ടത് യു ഡി എഫിന് ക്ഷീണം ചെയ്‌തെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. പാലായില്‍ നേരത്തെ ഒറ്റക്ക് ഭരിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഭൂരിഭക്ഷമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സി പി എമ്മിന്റെ കാരുണ്യമില്ലാതെ പാലായില്‍ ജോസ് കെ മാണിക്ക് ഭരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തൊടുപുഴയില്‍ പത്ത് പഞ്ചായത്തില്‍ ഒമ്പതിലും യു ഡി എഫ് വിജയിച്ചതായും ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, മോന്‍സ് ജോസഫ് പങ്കെടുത്തു.

 

 

 

Latest