Connect with us

Kerala

യു ഡി എഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുത്തോ?; മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ യു ഡി എഫ് സംവിധാനം അപ്രസക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു ഡി എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?. തിരഞ്ഞടുപ്പിന് മുമ്പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നേതാവിനെ നിര്‍ദേശിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായി. സ്വന്തം രാഷ്ട്രീയം തീരുമാനിക്കാന്‍ പോലും കോണ്‍ഗ്രസിന് കെല്‍പ്പില്ല. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്നത് മറ്റൊരു കക്ഷി നിര്‍ദേശിക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു ഡി എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്.
മതവര്‍ഗീയ സഖ്യത്തെ കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും ലീഗിന് ഇത് സാധിച്ചു. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു.

നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യു ഡി എഫില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest