Kerala
പരാജയത്തിൻെറ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; നെെരാശ്യമില്ല: മുല്ലപ്പള്ളി

തിരുവനന്തപുരം | കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നൈരാശ്യമില്ല. 2010ലെത് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ല എന്ന യാഥാര്‍ത്ഥ്യം തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയത്തിൻെറ പിതൃത്വം അവകാശപ്പെടാന്‍ പലരുമുണ്ടാകും. എന്നാൽ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ച ഘട്ടത്തിൽ ആരും തനിക്ക് പൂച്ചെണ്ട് തന്നിരുന്നില്ല. കൂട്ടായ പ്രവർത്തനത്തിൻെറ വിജയമാണ് എന്നാണ് അന്ന് പറഞ്ഞത്. കൂട്ടായ നേതൃത്വത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
2015 നേക്കാള്‍ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തില്‍ ഒരിടത്തും പൊതു രാഷ്ടീയം ചര്‍ച്ചയായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എംപി വിഷയത്തില്‍ വിവാദത്തിന് ഉദ്ദേശിക്കുന്നില്ല. വടകരയില്‍ നിന്ന് മാത്രമല്ല കണ്ണൂരില്‍ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ശക്തമായ നിലപാടെടുത്തയാളാണ് താനെന്നും അത് മറന്നുപോകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.