Kerala
പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവം; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

പാലക്കാട് | പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയ സംഭവം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പാലക്കാട് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. പരാതി ലഭിക്കാത്തതിനാലാണ് കേസ് എടുക്കാത്തതെങ്കില്‍ തങ്ങള്‍ പരാതി നല്‍കും. നിയമവ്യവസ്ഥ തകര്‍ന്നുവെന്നതിന് തെളിവാണ് ഫ്‌ളക്‌സ് തൂക്കിയ നടപടിയെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.
അതിനിടെ, വിവാദ സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് രംഗത്തെത്തി. സംഭവം നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ലെന്നും നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഫ്‌ളക്‌സ് നീക്കം ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് നഗരസഭാ മന്ദിരത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് സ്ഥാപിച്ചത്.