Connect with us

Kerala

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 28,30 തിയതികളില്‍

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം അതാത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശമുണ്ട്.

---- facebook comment plugin here -----

Latest