Connect with us

Kerala

സംസ്ഥാനത്ത് ഇടത് തരംഗം: മധ്യകേരളത്തിലെ യു ഡി എഫ് കോട്ടകള്‍ പിളര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വ്യക്തമായ മുന്നേറ്റം. ഗ്രാമ- നഗര വിത്യാസമില്ലാതെ ഇടത് മുന്നേറ്റം പ്രകടം. മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിസഭക്കുമെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ ആരോപങ്ങളൊന്നും ജനങ്ങളെ സ്വാധീനിച്ചില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂട്ടുപിടിച്ച് സര്‍ക്കാറിനെ വരിഞ്ഞ് മുറക്കുനുള്ള ബി ജെ പി ശ്രമത്തിനും കേരള ജനത മറുപടി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായത്. സംസ്ഥാനം ഭരണതുടര്‍ച്ചയിലേക്ക് എന്ന ഇടത് നേതാക്കളുടെ അവകാശവാദം ഇനി കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പ്.

സംസ്ഥാനത്തെ രാഷ്ട്രീയ വോട്ടിംഗ് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ജില്ലാ പഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷം എല്‍ ഡി എഫ് നേടി. 14ല്‍ ഒമ്പത് ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ചിടത്താണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. 2015ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതമായിരുന്നു ഇരു മുന്നണിക്കും ലഭിച്ചത്. ഇതില്‍ നിന്നും എല്‍ ഡി എഫ് മുന്നേറിയിരിക്കുകയാണ്.
കോര്‍പ്പറേഷനുകളില്‍ ആറില്‍ അഞ്ചിടത്തും എല്‍ ഡി എഫ് മുന്നിലെത്തി. ബി ജെ പി ഭരണം പിടിക്കുമെന്ന് പറഞ്ഞ തിരുവനന്തപുരം കോര്‍പറേഷനില്‍ അവരെ ബഹുദൂരം പിന്തള്ളിയാണ് എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യു ഡി എഫ് തകര്‍ന്നടിഞ്ഞു. 48 സീറ്റില്‍ എല്‍ ഡി എഫും 40 സീറ്റില്‍ ബി ജെ പിയും ലീഡ് ചെയ്യുകയാണ്. ഒമ്പത് സീറ്റില്‍ മാത്രമാണ് യു ഡി എഫിന് മുന്നിലെത്താനായത്.

മുനിസിപാലിറ്റിയില്‍ മാത്രമാണ് യു ഡി എഫിന് പിടിച്ചു നില്‍ക്കാനായത്. 35 മുനിസിപാലിറ്റിയില്‍ എല്‍ ഡി എഫ് മുന്നിലെത്തിയപ്പോള്‍ യു ഡി എഫ് 45 ഇടത്ത് നേട്ടം കൊയ്തു. 941 ഗ്രാമപഞ്ചായത്തുകളില്‍ 512 ഇടത്ത് ഇടത് വിജയം കുറിച്ചു. യു ഡി എഫിന് 368 ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് മുന്നിലെത്താനായത്. 26 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫിന് വന്‍ വിജയമാണുണ്ടായത്. 109 ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ 41 ഇടത്ത് മാത്രമാണ് യു ഡി എഫിന് പിടിച്ചു നില്‍ക്കാനായത്.
കോട്ടയത്തും പത്തനംതിട്ടയിലും കണ്ണൂരിന്റെ മലയോര മേഖലയിലുമെല്ലാം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എല്‍ ഡി എഫിന് ഗുണമായി.