Connect with us

Kerala

മലബാറില്‍ കനത്ത പോളിംഗ്; ആദ്യ രണ്ടര മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയത് 16.71 ശതമാനം പേര്‍

Published

|

Last Updated

കോഴിക്കോട് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാറിലെ നാല് ജില്ലകളില്‍ കനത്ത പോളിംഗ്. 16.89 ശതമാനം പേര്‍ ആദ്യ രണ്ടര മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. കോഴിക്കോട് 16.7, മലപ്പുറത്ത് 17.11, കണ്ണൂര്‍ 17.08, കാസര്‍കോട് 15.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ്കണക്കിന് ബൂത്തുകൡ ആദ്യ മണിക്കൂറില്‍ തന്നെ വോട്ടര്‍മാരുടെ വലിയ ക്യൂവാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മനുസിപ്പാലിറ്റിയില്‍ ഇതിനകം 22 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. കോഴിക്കോട് കോര്‍പറേഷനില്‍ 13.7 ശതമാനം പേരും കണ്ണൂര്‍ കോര്‍പറേഷനില്‍ 12.2 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും മലയോര മേഖലകളില്‍ പോളിംഗ് കുതിക്കുകയാണ്. പത്തിലേറെ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

വോട്ടെടുപ്പില്‍ വലിയ വിജയം ഉണ്ടാകുമെന്ന് പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്‍ ഡി എഫ് തരംഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. യു ഡി എഫ് മലബാറില്‍ തൂത്തുവാരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചു. വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെല്ലാം പ്രതികരിച്ചത്.

89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്.

ആകെയുള്ള 10,842 പോളിംഗ് ബൂത്തുകളില്‍ 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലി ക്കായി 52,285 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കനത്ത സുരക്ഷയിലാണ് പലയിടത്തും വോട്ടിംഗ്. കള്ളവോട്ട് തടയുന്നതിനുള്ള സുരക്ഷാ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് സ്റ്റേഷനിലും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

 

Latest