Kerala
സംസ്ഥാനത്ത് എല്‍ ഡി എഫ് അനുകൂല തരംഗം: കോടിയേരി

കണ്ണൂര്‍ | എല്‍ ഡി എഫിന് അനുകൂലമായ ഒരു തരംഗം ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്‍ ഡി എഫിനെ ഇല്ലാതാക്കാമെന്ന കോര്‍പറേറ്റ് പദ്ധതിക്ക് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കും. 14 ജില്ലകളില്‍ 13ലും എല്‍ ഡി എഫ് മുന്നിലെത്തും. കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാത്ത ഒരു സര്‍ക്കാറുള്ളപ്പോള്‍ ആരാണ് അവര്‍ക്ക് അല്ലാതെ വോട്ട് ചെയ്യുകയെന്നും കോടിയേരി പറഞ്ഞു.
അഴിമതി വിരുദ്ധം പറഞ്ഞ് യു ഡി എഫിന് വോട്ട് തേടാനാകില്ല. യു ഡി എഫ് എം എല്‍ എമാര്‍ അഴിമതിയുടെ പേരില്‍ ജയിലിലാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിവിധ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിച്ചിട്ടുണ്ട്. ഇത് കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോധ്യമാകുമെന്നും കോടിയേരി പറഞ്ഞു. ബി ജെ പിക്ക് 2015ലെ അനുഭവം തന്നെയായിരിക്കും കേരളത്തിലുണ്ടാകുകയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.