National
പ്രതിഷേധം കനക്കുന്നു; കര്‍ഷകരുടെ നിരാഹാര സമരം ഇന്ന്

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം രാജ്യവ്യാപകമായി കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഇന്ന് ഒമ്പത് മണിക്കൂര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍ നടക്കും. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സത്യഗ്രഹസമരം നടത്തും. ഡിസംബര്‍ 14 മുതല്‍ കര്‍ഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകസമരനേതാക്കള്‍ അറിയിച്ചു.
രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാരസമരം അനുഷ്ഠിക്കും. ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂര്‍, ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തികള്‍ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്. കര്‍ഷകര്‍ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോള്‍, തീര്‍ത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ തണുപ്പിലും വിയര്‍ക്കുന്നു.