Connect with us

Articles

നാടോടി വിജ്ഞാന വഴികളിലൂടെ സഞ്ചരിച്ച കഥകൾ

Published

|

Last Updated

ഏഴ് പതിറ്റാണ്ടിലേറെ കാലം മലയാള സാഹിത്യ ലോകത്ത് വിസ്മയങ്ങൾ തീർത്ത് ഉദിച്ചു നിന്ന യു എ ഖാദർ അസ്തമിച്ചിരിക്കുന്നു. ദേശ- ഭാഷാ തിർത്തികൾക്കും ആദർശ- വിശ്വാസാതിർത്തികൾക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു എ ഖാദർ.

ജനനം കൊണ്ട് അദ്ദേഹം ഇന്ത്യക്കാരനായിരുന്നില്ല. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടിക്കാരൻ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടി ഹാജിയുടേയും ബർമക്കാരിയായ ബുദ്ധമത വിശ്വാസി മാമൈദിയുടേയും മകനായി ബർമയിലെ റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലാണ് ജനിച്ചത്. മൂന്നാം നാൾ മാതാവ് വസൂരി പിടിപെട്ട് മരിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ പിതാവിനൊപ്പം കേരളത്തിലേക്കെത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷ മലയാളമായിരുന്നില്ല. രൂപത്തിലാകട്ടെ ഒട്ടും കേരളീയനുമായിരുന്നില്ല. ഏറെ വൈകാതെ പിതാവും മരണമടഞ്ഞതിനാൽ ബർമയിലെ കുടുംബ വേരുകളെപ്പറ്റി അദ്ദേഹത്തിന് പിതാവിൽ നിന്ന് ഏറെയൊന്നും ചോദിച്ചറിയുവാൻ കഴിഞ്ഞിരുന്നില്ല. ഏതാനും വർഷം മുമ്പ് കുടുംബസമേതം ബർമയിലെ വേരുകൾ തേടിപ്പോയ സംഭവം” ഓർമകളുടെ പകോഡ” എന്ന അനുഭവാഖ്യാന കൃതിയിൽ ഹൃദയസ്പർശിയായി അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.

പിറന്ന നാടും വീടും മാതൃഭാഷ പോലും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദേശത്ത് ബാല്യകാലത്ത് എത്തിപ്പെട്ടതും അവഗണിക്കപ്പെട്ടും അവമതിക്കപ്പെട്ടും സ്‌നേഹസാന്ത്വനങ്ങൾ നിഷേധിക്കപ്പെട്ടും കഴിയേണ്ടി വന്നതുമായ അനുഭവങ്ങളാണ് തന്നെ ഒരു എഴുത്തുകാരനാക്കിയ പ്രധാന ഘടകമെന്ന് യു എ ഖാദർ എഴുതിയിട്ടുണ്ട്. ഒരനുഭവക്കുറിപ്പിൽ അദ്ദേഹം എഴുതി:
“താമസിക്കുന്ന വീട്ടിൽ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാൻ എന്ന തോന്നൽ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലിൽ എനിക്കുള്ള ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു. മറ്റാളുകളെ വെറുത്ത ഈ പശ്ചാത്തലത്തിലാണ് “വിവാഹസമ്മാനം” എന്ന ആദ്യ കഥയെഴുതുന്നത്. 1952ൽ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ആ കഥ പ്രസിദ്ധീകരിച്ചു.”

ചെന്നൈയിലെ പഠന കാലത്താണദ്ദേഹം എഴുത്തിൽ സജീവമായി തുടങ്ങിയത്. എം ഗോവിന്ദൻ, ടി പത്മനാഭൻ, കെ എ കൊടുങ്ങല്ലൂർ തുടങ്ങിയ എഴുത്തുകാരുമായുണ്ടായിരുന്ന ആത്മബന്ധം അതിനേറെ അദ്ദേഹത്തെ സഹായിക്കുകയുണ്ടായി. സി എച്ച് മുഹമ്മദ് കോയയാണ് എഴുത്തിൽ പ്രോത്സാഹിപ്പിച്ച മറ്റൊരാൾ. ഇക്കാര്യം അദ്ദേഹം പലവുരു എഴുതിയിട്ടുണ്ട്.
എഴുത്തിന്റെ ലോകത്ത് വേറിട്ട സഞ്ചാരമാണ് ഖാദർ നടത്തിയത്. ഒരർഥത്തിൽ കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗാത്മകതയുടെ ജൈവ തട്ടകമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും പള്ളിയും പള്ളിപ്പറമ്പും നാടോടി വിജ്ഞാനവഴികളും മിത്തുകളും യു എ ഖാദറിന്റെ രചനാലോകത്ത് നിറഞ്ഞു നിന്നു. തൃക്കോട്ടൂർ പെരുമ എന്ന നോവൽ അതിന് മികച്ച ഉദാഹരണമാണ്.

നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവാണ് യു എ ഖാദർ. ഇതിൽ “തൃക്കോട്ടൂർ പെരുമ” എന്ന നോവലാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളിൽ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണിത്.

തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ തുടങ്ങി അനുവാചക ലോകം നെഞ്ചേറ്റിയ ഒട്ടേറെ രചനകളുടെ കർത്താവാണ് യു എ ഖാദർ. തന്റെ രചനകളിലൂടെ മുസ്‌ലിം സാമുദായിക ജീവിതം അതിമനോഹരമായി അടയാളപ്പെടുത്തിയ വേറിട്ട രചനകളുടെ ഉടമയാണദ്ദേഹം. ഇസ്‌ലാമിക വിശ്വാസാചാരങ്ങളും പ്രാദേശിക മിത്തുകളും സങ്കൽപ്പങ്ങളും മറ്റും തന്റെ സ്വതസിദ്ധമായ ആഖ്യാന രീതിയിലൂടെ അദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായി.
എല്ലാ അർഥത്തിലും മലയാള സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമാണ് യു എ ഖാദർ. അർഹിക്കുന്ന അംഗീകാരങ്ങൾ ഈ വലിയ എഴുത്തുകാരനെ തേടിയെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കാലം അക്കാര്യം തെളിയിക്കുക തന്നെ ചെയ്യും.

2008ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായിരുന്ന കാലത്താണ് യു എ ഖാദറുമായി എനിക്കടുത്ത ബന്ധം പുലർത്തുവാൻ കഴിഞ്ഞത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായിരുന്നു അദ്ദേഹം. അക്കാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് വെച്ച് നടത്തിയിരുന്ന അന്തർദേശിയ പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികളുടെ കോ ഓർഡിനേറ്റർ എന്ന നിലയിൽ ഖാദർക്കയോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കുവാൻ കഴിഞ്ഞത് ധന്യമായ ഓർമയാണ്. സ്‌നേഹമസൃണമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.

---- facebook comment plugin here -----