Connect with us

Covid19

ഫൈസർ വാക്സിന് അംഗീകാരം നൽകി സഊദിയും

Published

|

Last Updated

ദമാം | ഫൈസർ- ബയോഎൻടെക്ക് വികസിപ്പിച്ച കൊവിഡ്- 19 വാക്സിന് സഊദി അറേബ്യയുടെ അംഗീകാരം. ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനുമാണ് അംഗീകാരം നൽകിയത്. ഇതിനായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സഊദിയിൽ വാക്സീന്‍ ഉപയോഗത്തിന് അനുമതി തേടി നവംബർ 24നായിരുന്നു ഫൈസര്‍ അപേക്ഷ സമർപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് അതോറിറ്റി അനുമതി നൽകിയത്. വാക്സീൻ വിതരണം ചെയ്യാന്‍ അടിയന്തരാനുമതി ലഭിച്ചതോടെ ഏറെ ആഹ്ലാദത്തിലാണ് സഊദിയിലെ ആരോഗ്യ മേഖല.

ഉത്പാദനത്തിന്റെ ഗുണനിലവാരവും അന്താരാഷ്ട്ര നിലവാരമനുസരിച്ച് ശാസ്ത്രീയമായ  ഡാറ്റകളും  അവലോകനം ചെയ്താണ് ഡ്രഗ് അതോറിറ്റി വാക്സിനുകൾ  പരിശോധിച്ചത്. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുമായി നിരവധി മീറ്റിംഗുകളും സ്വദേശത്തും വിദേശങ്ങളിലുമുള്ള വിദഗ്ധരായ മെഡിക്കൽ  സ്പെഷ്യലിസ്റ്റുകളുമായും നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. സാമ്പിളുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കുത്തിവെപ്പ് നടത്തുക.

തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡൽ കാർഗോ വില്ലേജും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ശീതീകരിച്ച വാക്സിനും മെഡിക്കൽ സാമഗ്രികളും സ്വീകരിക്കാൻ തയ്യാറാക്കിയിട്ടുണ്ട്.

പ്രതിരോധ മരുന്നുകൾ രാജ്യത്ത്  എത്തിക്കഴിഞ്ഞാൽ സ്വദേശികൾക്കും വിദേശികൾക്കും പൂർണമായും സൗജന്യമായിട്ടായിരിക്കും നൽകുകയെന്നു ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ അസീരിയ അറിയിച്ചിരുന്നു. നിലവിൽ കൊവിഡ് ചികിത്സയും സൗജന്യമാണ് നൽകിവരുന്നത്. മൂന്ന് വിമാനത്താവളങ്ങളിലും മരുന്നുകൾ സ്വീകരിക്കാനും സൂക്ഷിക്കാനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സഊദി  കാർഗോ സിഇഒയും സഊദി അറേബ്യൻ ലോജിസ്റ്റിക്സ് കമ്പനി (എസ്എഎൽ) ചെയർമാനുമായ ഉമർ ഹരിരി പറഞ്ഞു.

---- facebook comment plugin here -----

Latest