Connect with us

Kerala

അഭയ കൊലക്കേസ് വിചാരണ പൂര്‍ത്തിയായി; വിധി ഈ മാസം 22ന്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയകൊലക്കേസില്‍ തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഈ മാസം 22ന് വിധി പറയും. ഒന്നര വര്‍ഷവും മൂന്ന് മാസവും നീണ്ട വിചാരണ ഇന്നത്തോടെയാണ് പൂര്‍ത്തിയായത്.

അഭയ കൊല്ലപ്പെട്ട് മൂന്ന് പതിറ്റാണ്ടാകുമ്പോഴാണ് കേസില്‍ വിധി പറയാനൊരുങ്ങുന്നത്. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. 49 പേരെയാണ് സാക്ഷികളായി പ്രോസിക്യുഷന്‍ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആരേയും വിസ്തരിച്ചില്ല.

1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ കിണറ്റില്‍ 19കാരിയായ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ ഏറ്റെടുത്തത്.

കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സി ബി ഐയുടെ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പുതിയ കണ്ടെത്തലുകളോടെ സി ബി എ കുറ്റപത്രം തയ്യാറാക്കി കോടതയില്‍ സമര്‍പ്പിച്ചത്. തുടക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചത് മുതല്‍ അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകളാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചത്.