Kerala
കേരള സഭയെ ധൂര്‍ത്തിന്റേയും അഴിമതിയുടേയും പര്യായമാക്കി: ചെന്നിത്തല

കോഴിക്കോട് | സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ നിയമസഭയില്‍ കോടികളുടെ ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയും, സഭാ ടി വിയുമെല്ലാം ധൂര്‍ത്തിന്റെയും അഴിമതിയുടേയും ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂര്‍ത്തിന്റെയും അഴിമതിയുടെ പര്യായമാക്കി. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ടെണ്ടര്‍ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏല്‍പ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്, ഇതിനും ടെണ്ടര്‍ ഇല്ല. ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്ത് നടന്നു. 52.31 കോടി രൂപയുടെ പദ്ധതിയും ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി.
സഭാ ടിവിക്കായി കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതിലും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നടത്തിപ്പിലും ക്രമക്കേടും ധൂര്‍ത്തും നടന്നു. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു