National
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, ടി ആര്‍ എസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ഹൈദരാബാദ് | ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 55 ഡിവിഷനില്‍ വിജയിച്ച തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 48 ഡിവിഷനില്‍ വിജയിച്ച ബി ജെ പി രണ്ടാം സ്ഥാനത്തെത്തി. 51 സീറ്റില്‍ മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) 44 സീറ്റ് നേടി. രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. കഴിഞ്ഞ തവണത്തെ നാലില്‍ നിന്നാണ് ബി ജെ പി സീറ്റുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തിയത്.
ആകെയുള്ള 150 ഡിവിഷനുകളില്‍ 149 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരിടത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ 99 ഡിവിഷനുകളില്‍ ടി ആര്‍ എസ് വിജയം നേടിയിരുന്നു.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എന്‍ ഉത്തംകുമാര്‍ റെഡ്ഢി രാജിവച്ചു.
ഇത്തവണ മേയര്‍ സ്ഥാനം വനിതാ സംവരണമാണ്. കൗണ്‍സിലര്‍മാരും 52 എക്‌സ് ഒഫീഷ്യോ അംഗങ്ങളും ചേര്‍ന്നാണ് മേയറെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളില്‍ ടി ആര്‍ എസിനാണ് ഭൂരിപക്ഷം. മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ടി ആര്‍ എസിന് 65 കൗണ്‍സിലര്‍മാരുടെ പിന്തുണ വേണം. മേയര്‍ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മുമായി ധാരണയുണ്ടാക്കാന്‍ ടി ആര്‍ എസ് ആലോചിക്കുന്നതായി സൂചനയുണ്ട്.