Connect with us

Ongoing News

യെസ് യുവർ ഓണർ; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഭിഭാഷകർ

Published

|

Last Updated

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലപ്പുറം ജില്ലയിലെ അഭിഭാഷകരിൽ ചിലരെ പരിചയപ്പെടാം.

അഡ്വ. പി പി മോഹൻദാസ്

എടപ്പാളിൽ പി പി മോഹൻദാസ്

മലപ്പുറം | ജില്ലാപഞ്ചായത്ത് എടപ്പാൾ ഡിവിഷനിൽ ഇടത് സ്ഥാനാർഥിയായി നിന്ന് മത്സരിക്കുകയാണ് അഡ്വ. പി പി മോഹൻദാസ്. പൊൽപ്പാക്കര സ്വദേശി പരേതരായ പണിക്കര് പറമ്പിൽ അച്ചുണ്ണി-കല്യാണി ദമ്പതികളുടെ മകനാണ്. നിലവിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം എടപ്പാൾ ഏരിയാ കമ്മിറ്റിയംഗവുമാണ്. തിരൂർ, പൊന്നാനി കോടതികളിലെയും എടപ്പാൾ ന്യായാലയം കോടതിയിലെ അഭിഭാഷകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: അമൽദാസ് (എൽഎൽബി വിദ്യാർഥി), അനുശ്രീദാസ് (മെഡിക്കൽ വിദ്യാർഥിനി).

അഡ്വ. കെ അസ്കർ അലി

കടന്നമണ്ണയിൽ അസ്കർ അലി

മങ്കട | ഇത് മൂന്നാം തവണയാണ് അഡ്വ. കെ അസ്കർ അലി മങ്കട ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 2010-15 കാലയളവിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാനായിരുന്നു. കഴിഞ്ഞ 17 വർഷമായി കടന്നമണ്ണ സർവീസ് സഹകരണ ബേങ്കിന്റെ പ്രസിഡന്റാണ്. ഗ്രാമപഞ്ചായത്ത് അംഗമായിരിക്കെയാണ് കോഴിക്കോട് ലോ കോളജിൽ നിന്നും എൽ എൽ ബി ബിരുദം നേടിയത്. ഇപ്പോൾ പെരിന്തൽമണ്ണ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. മങ്കട ഗവ.ഹൈസ്‌കൂൾ പി ടി എ പ്രസിഡന്റാണ്. കടന്നമണ്ണ നാലാം വാർഡിൽ നിന്നും മത്സരിക്കുന്ന അദ്ദേഹത്തിന് സ്വതന്ത്രൻ മാത്രമാണ് എതിർ സ്ഥാനാർഥിയായുള്ളത്.

ഡ്വ. കെ ടി ബാലകൃഷ്ണൻ

ഒഴൂരിൽ കെ ടി ബാലകൃഷ്ണൻ

താനൂർ | ഒഴൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ കന്നി അംഗത്തിനൊരുങ്ങുകയാണ് അഡ്വ. കെ ടി ബാലകൃഷ്ണൻ. കോഴിക്കോട് ഗവ. ലോ കോളജിൽ നിന്നും 1996 ൽ എൽ എൽ ബി പഠനം പൂർത്തിയാക്കിയ ഇദ്ദേഹം യു ഡി എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പെരിന്തൽമണ്ണ മേലാറ്റൂർ ഒലിപ്പുഴയാണ് സ്വദേശം. 2000 മുതൽ ഒഴൂരിലാണ് താമസിക്കുന്നത്. 2001 വരെ അഡ്വ. വി കുമാറിന്റെ ജൂനിയർ അഭിഭാഷകനായും ശേഷം രണ്ട് വർഷം(മേലാറ്റൂരിൽ) സ്വന്തമായും മഞ്ചേരി ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു. 2003 മുതൽ പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനാണ്.

 

അഡ്വ. ടി പി രഹ്ന സബീന

വാഴക്കാടിൽ രഹ്ന സബീന

മലപ്പുറം | ജില്ലാപഞ്ചായത്ത് വാഴക്കാട് ഡിവിഷനിൽ നിന്ന് ഇടത് സ്ഥാനാർഥിയായി നിന്ന് മത്സരിക്കുകയാണ് അഡ്വ. ടി പി രഹ്ന സബീന. മുതുവല്ലൂർ മുണ്ടിലാക്കൽ ഹനീഫ-സുബൈദ ദമ്പതികളുടെ മകളാണ്. എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. മഞ്ചേരി എൻ എസ് എസ് കോളജിൽ നിന്ന് ബികോം പാസായി. കോഴിക്കോട് ലോ കോളജിൽ നിന്ന് എൽ എൽ ബി പാസായി. നിലവിൽ മഞ്ചേരി കോടതിയിൽ അഭിഭാഷകയാണ്. സി പി എം മുണ്ടിലാക്കൽ ബ്രാഞ്ചംഗം. ഭർത്താവ് എൻ എം ശഫീഖ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റംഗമാണ്.

അഡ്വ. നബീല പാറമ്മൽ

തേഞ്ഞിപ്പലത്ത് നബീല

തിരൂരങ്ങാടി | സി പി എം കുടുംബത്തിൽ ജനിച്ച അഭിഭാഷകയാണ് അഡ്വ. നബീല പാറമ്മലിന് ആ പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നതിൽ ഏറെ അഭിമാനമാണുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം ഡിവിഷനിൽ നിന്ന് ഇടത് പക്ഷ സ്ഥാനാർഥിയായി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ഇവർ ജനവിധി തേടുന്നത്. സി പി എം നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൂരിയാട് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥിയുമായ അഹമ്മദ് പാറമ്മലിന്റെ മകളായ ഈ 35കാരി 2008 ൽ കോഴിക്കോട് ഗവ: ലോ കോളജിൽ നിന്നാണ് അഭിഭാഷകയായി പുറത്തിറങ്ങിയത്. തിരൂർ കോടതിയിൽ പ്രാക്ടീസ് ചെയ്ത ഇവർ ഇപ്പോൾ കോഴിക്കോട് ബാറിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

അഡ്വ. കെ പി അബ്ദുൽ ജബ്ബാർ

പൊന്നാനിയിൽ അബ്ദുൽ ജബ്ബാർ

പൊന്നാനി | 54-ാം വയസ്സിൽ വക്കീൽ കുപ്പായവും അണിഞ്ഞ് പൊന്നാനി നഗരസഭയുടെ വാർഡ് 40ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് ജബ്ബാർ വക്കീൽ എന്ന കെ പി അബ്ദുൽ ജബ്ബാർ. കർണ്ണാടക നിയമ സർവകലാശാലക്ക് കീഴിലെ ബലന്ദൂർ ലോ കോളജിൽ നിന്നാണ് ജബ്ബാർ നിയമബിരുദ്ദം പൂർത്തിയാക്കിയത്. വക്കീലാവണമെന്ന ആഗ്രഹം ചെറുപ്പത്തിലെ ഉള്ളതാണ്. പഠന കാലം അത്ര സുഖമമായിരുന്നില്ല. 1980 എസ് എസ് എൽ സി പാസായി പ്രീഡിഗ്രിക്ക് ചേർന്നു. പ്രീ ഡിഗ്രിയിലെ തോൽവിയെ തുടർന്ന് ഗൾഫിൽ പ്രവാസ ജീവിതമാരംഭിച്ചു. രണ്ട് വർഷത്തിനു ശേഷം നാട്ടിലെത്തി. വീണ്ടും പഠിക്കാൻ മോഹം വന്നതോടെ അങ്ങിനെ പഠനം തുടർന്ന് അഭിഭാഷകനായി.

അഡ്വ. പി വി മനാഫ്

പൂക്കോട്ടൂരില്‍ പി വി മനാഫ്

മലപ്പുറം | കുഴിമണ്ണ, അരീക്കോട്, ഡിവിഷനുകളിൽ നിന്നായി രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗമായി. പൂക്കോട്ടൂർ ഡിവിഷനിൽ നിന്ന് ഇത്തവണ മൂന്നാം അങ്കത്തിന് ഇറങ്ങുകയാണ്. മുസ്‌ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി നിർദേശ പ്രകാരം മൂന്ന് തവണ മത്സരിച്ചവർക്ക് സ്ഥാനം നൽകേണ്ടതില്ലെന്ന് മുൻ തന്നെ സർക്കുലർ വന്നിരുന്നു. ഇതോടെ പലർക്കും സ്ഥാനം നഷ്ടമായെങ്കിലും ഇദ്ദേഹത്തിന് സീറ്റ് ഒരു തവണ കൂടി ലഭിച്ചു. അരീക്കോട് കോഴക്കോട്ടൂർ സ്വദേശിയാണ്. മുസ്്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, കേരള ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് എന്നിവ വഹിക്കുന്നുണ്ട്. മുസ്ലിംലീഗ് നേതാവ് പി വി മുഹമ്മദ് അരീക്കോടിന്റെ മകനാണ്.

അഡ്വ. ഷെറോണ റോയ്

വഴിക്കടവിൽ ഷെറോണ റോയി

എടക്കര | ജില്ല പഞ്ചായത്ത് വഴിക്കടവ് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് അഡ്വ. ഷെറോണ റോയിയാണ്. മലയോര കുടിയേറ്റ പ്രദേശങ്ങളിൽ വലിയ ചലനം സൃഷ്ടിക്കും ഷെറോണയുടെ സ്ഥാനാർഥിത്വം. മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകൻ കേശവൻ നായരുടെ കൂടെ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. പാലുണ്ട ഗുഡ് ഷെപ്പേഡ് സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും 2009 ൽ എൽ എൽ ബി നേടി.ഇന്ത്യൻ ലോയേഴ്‌സ് യൂനിയന്റെ മഞ്ചേരി യൂനിറ്റിന്റെ വനിതാ വിഭാഗം ചെയർപേഴ്‌സണായും പ്രവർത്തിക്കുന്നുണ്ട്.

അഡ്വ. അബ്ദുർറാശിദ് പള്ളിമാലിൽ

കൽപകഞ്ചേരിയിൽ അബ്ദുർ റാശിദ്

കൽപകഞ്ചേരി | പഞ്ചായത്ത് 17-ാം വാർഡ് വരമ്പിങ്ങൽ എൽ ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർഥിയായി യുവ അഭിഭാഷകൻ. അഡ്വ. അബ്ദുർറാശിദ് പള്ളിമാലിൽ (29) ആണ് വാർഡിൽ ജനവിധി തേടുന്നത്. പരപ്പനങ്ങാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ റാഷിദ് രാഷ്ട്രീയ കലാ, കായിക രംഗങ്ങളിലേയും സജീവ സാന്നിധ്യമാണ്. ഡി വൈ എഫ് ഐ കൽപകഞ്ചേരി മേഖലാ കമ്മിറ്റിയംഗവും, സി പി എം കല്ലിങ്ങൽ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ലോ കോളജിലായിരുന്നു പഠനം. 20 വർഷം മുമ്പ് നഷ്ടപ്പെട്ട വാർഡിന്റെ ഭരണം വീണ്ടും തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് സി പി എം ഇദ്ദേഹത്തെ മത്സര രംഗത്തിറക്കിയത്.

അഡ്വ. നസ്‌രിയ്യ

ഈസ്റ്റ് വില്ലൂരിൽ നസ്‌രിയ്യ

കോട്ടക്കൽ | മാറ്റം കുറിക്കാനാണ് ഈസ്റ്റ് വില്ലൂരിൽ ഇത്തവണ അഡ്വ. നസ്‌രിയ്യയുടെ പോരാട്ടം. മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഈ അഭിഭാഷകയുടെ അങ്കത്തിനിറക്കം. ഇടത് പക്ഷ സ്ഥാനാർഥിയായിട്ടാണ് പോരാട്ടം. നഗരസഭയിലേക്കിത് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ 13 -ാം വാർഡിലായിരുന്നു അങ്കം. വിജയക്കൊടി പാറിക്കാനായില്ലെങ്കിലും എതിർ സ്ഥാനാർഥിയുടെ വോട്ടുകൾ ഗണ്യമായി കുറക്കാനായി. ഈ ആത്മവിശ്വാസമാണ് ഇക്കുറി തൊട്ടടുത്ത വാർഡ് 14 ഈസ്റ്റ് വില്ലൂരിൽ അങ്കത്തിനിറങ്ങാൻ പ്രേരിപ്പിക്കുന്നത്. നസറിയ എസ് എഫ് ഐ യിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

അഡ്വ. പി എം ബേനസീർ

ആനക്കയത്ത് ബേനസീർ

മലപ്പുറം | ജില്ലാപഞ്ചായത്ത് ആനക്കയം ഡിവി
ഷനിൽ ഇടത് സ്ഥാനാർഥിയായി നിന്ന് മത്സരിക്കുകയാണ് അഡ്വ. പി എം ബേനസീർ. എടപ്പാൾ വട്ടംകുളം പൂതൃക്കാവലിൽ മുഹമ്മദുണ്ണി-സൈനബ ദമ്പതികളുടെ മകളാണ്. കുറ്റിപ്പുറം കെ എം സി ടി ലോ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി. കോളജിൽ ജനറൽ ക്യാപ്റ്റനായിരുന്നു. മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. സ്‌കൂൾതലം മുതൽ കോളജ് തലം വരെ നാടകം, ചിത്രരചന തുടങ്ങിയ മേഖലയിൽ ജേതാവായിരുന്നു. കീഴാറ്റൂർ തച്ചിങ്ങനാടം പൂവത്തിവീട്ടിൽ അഡ്വ. അബ്ദുൾ നവീദാണ് ഭർത്താവ്.

അഡ്വ. ജന്ന ശിഹാബ്

എളമരത്ത് ജന്ന ശിഹാബ്

എടവണ്ണപ്പാറ | വാഴക്കാട് പഞ്ചായത്തിലെ എളമരം ഏഴാം വാർഡ് ജനകീയ മുന്നണി സ്ഥാനാർഥിയായി കന്നിയങ്കത്തിന് ഒരുങ്ങുകയാണ് അഡ്വ. ജന്ന ശിഹാബ്. പെരിന്തൽമണ്ണ ബാർ അസോസിയേഷന് കീഴിൽ സേവനം ചെയ്തുവരുന്ന ജന്ന ശിഹാബ് അഴിമതി തുടച്ചുനീക്കുമെന്നും പൊതുജന പങ്കാളിത്തത്തോടെ വികസനം നടപ്പിലാക്കുമെന്നും അവകാശപ്പെട്ടു. വ്യക്തിഗത ആനുകൂല്യങ്ങൾ വിവേചനരഹിതമായി നടപ്പാക്കുമെന്ന് ജന ശിഹാബ് പറയുന്നു. ഓട്ടോറിക്ഷ അടയാളത്തിൽ മത്സരിക്കുന്നത്. ഭർത്താവ് ശിഹാബുദ്ദീൻ പ്രചരണങ്ങൾക്ക് തുണയായുണ്ട്.

അഡ്വ. അബ്ദുൽ ഹമീദ്

വളാഞ്ചേരിയിൽ അബ്ദുൽ ഹമീദ്

വളാഞ്ചേരി | പാറപുറത്തേതിൽ അബ്ദുൽ ഹമീദ് വക്കീൽ വളാഞ്ചേരി നഗരസഭയിലേക്ക് 28-ാം ഡിവിഷൻ മീമ്പാറയിൽ നിന്നും യു ഡി എഫ് സ്ഥാനാർഥിയാണ്. വളാഞ്ചേരി എം ഇ എസ് കോളജിൽ എം എസ് എഫ് യൂനിറ്റ് പ്രസിഡന്റായി തുടക്കം കോളജ് യൂനിയൻ ചെയർമാനായി തിരഞ്ഞെടുത്തിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച ഹമീദ് സംസ്ഥാന കൗൺസിലർ വരെയായിട്ടുണ്ട്. വളാഞ്ചേരി എം ഇ എസ് കോളജിൽ നിന്നും ബി കോം ബിരുദവും കാലിക്കറ്റ് ഗവ. ലോകോളജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി അഭിഭാഷകൻ എം ഐ ചാൾസിന്റെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിച്ചു.

 

Latest