Kannur
ബ്ലോക്ക് പഞ്ചായത്ത്, വെറുതെയൊരു പഞ്ചായത്ത്

കണ്ണൂർ | അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമപഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും ഇടയിലായി ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ടെങ്കിലും എന്തിനാണിങ്ങനെയൊരു പഞ്ചായത്തെന്ന് ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഓരോ തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോഴും ബ്ലോക്ക് പഞ്ചായത്തുകളുടെ അധികാരങ്ങളും ചർച്ചയാവാറുണ്ട്. അധികാരം വലുതായൊന്നുമില്ലാത്തത് തന്നെയാണ് ചർച്ചക്കും കാരണം. കുറെ രാഷ്ട്രീയക്കാരെ മെമ്പർമാരാക്കി ഇരുത്താനായി ഒരിടം മാത്രമാണ് ബ്ലോക്ക് പഞ്ചായത്തുകൾ. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് മാത്രമാണ് ബ്ലോക്കിന്റെ പേരിനുള്ള ചുമതല. പ്രധാന മന്ത്രി ആവാസ് യോജന, പട്ടിക ജാതി വർഗക്കാർക്കായുള്ള പദ്ധതി, അങ്കൺവാടി, ഹെൽത്ത് സെന്ററുകൾ തുടങ്ങിയവയാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ ഉത്തരവാദിത്വം. ഈ ചുമതലകൾ ഗ്രാമപഞ്ചായത്തിനോ ജില്ലാ പഞ്ചായത്തിനോ നിർവഹിക്കാനുള്ള ഉത്തരവാദിത്വങ്ങൾ മാത്രമാണ് ഇതെന്നിരിക്കെ പിന്നെന്തിന് ബ്ലോക്ക് പഞ്ചായത്തെന്നാണ് ജനങ്ങളുടെ ചോദ്യം. സംസ്ഥാനത്ത് ആകെ 152 ബ്ലോക്ക് പഞ്ചായത്തുകളുണ്ട്.
കാസർകോട്- ആറ്, കണ്ണൂർ -11, വയനാട്- നാല്, കോഴിക്കോട്- 12, മലപ്പുറം- 15, പാലക്കാട്- 13, തൃശൂർ- 16, എറണാകുളം- 14, ഇടുക്കി-എട്ട്, കോട്ടയം- 11, ആലപ്പുഴ- 12, പത്തനംതിട്ട- എട്ട്, കൊല്ലം- 11, തിരുവനന്തപുരം- 11 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലുള്ള ബ്ലോക്ക് പഞ്ചയാത്തുകളുടെ എണ്ണം. ഇത്രയും ബ്ലോക്ക് പഞ്ചായത്തുകളിലായി 2,075 മെമ്പർമാരുമുണ്ട്. 152 പ്രസിഡന്റുമാർ, 556 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ. പ്രസിഡന്റിന് 14,600 രൂപയാണ് അലവൻസ്, വൈസ് പ്രസിഡന്റിന് 10,600, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് 8,200, മെമ്പർക്ക് 7,000 എന്നിങ്ങനെയാണ് അലവൻസ്. പ്രസിഡന്റിന് കാറുമുണ്ട്. മാസം ഒരു കോടിയോളം രൂപയാണ് ബ്ലോക്ക് മെമ്പർമാർക്ക് ശമ്പളത്തിന് മാത്രമായി ചെലവഴിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നൂറ് കോടിയിലധികമാണ് മെമ്പർമാർക്കായി ചെലവാക്കുന്നത്. നിലവിൽ എൽ ഡി എഫിന് 88 ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണമുണ്ട്. യു ഡി എഫിന് അറുപത്തിരണ്ടും. വരുന്ന തിരഞ്ഞെടുപ്പിൽ നില മാറി വന്നേക്കാം. എങ്കിലും എന്താണ് തങ്ങളുടെ അധികാരമെന്ന് അംഗങ്ങൾക്കും വലിയ നിശ്ചയമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ പേര് പോലും ആരും ഓർക്കാറില്ല. ആകെ ആശംസാ പ്രസംഗകരായി വിളിക്കുമെന്ന് മാത്രം. അധികാരങ്ങളെല്ലാം ജില്ലാ പഞ്ചായത്തിനും ഗ്രാമപഞ്ചായത്തിനുമായി വീതം വെച്ചപ്പോൾ അധികാരമില്ലാത്ത പഞ്ചായത്തായി ബ്ലോക്ക് പഞ്ചായത്തുകളും മാറി. ഒന്നുകിൽ ത്രിതല പഞ്ചായത്തുകളെന്നത് ദ്വിതല പഞ്ചായത്ത് എന്നാക്കുക. ബ്ലോക്ക് പഞ്ചായത്തിന് കുറച്ചെങ്കിലും അധികാരങ്ങൾ വിട്ടു നൽകുക എന്നതാണ് ഇതിനൊരു പോംവഴി.