National
ഇന്‍ജുറി ടൈമില്‍ ഒഡീഷയെ മറികടന്ന് കൊല്‍ക്കത്ത

പനാജി | ഐ എസ് എസ്സില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ച്ച് എ ടി കെ മോഹന്‍ ബഗാന്‍. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് കൊല്‍ക്കത്തന്‍ ടീമിന് വിജയം സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സ്‌കോര്‍ ചെയ്യുന്ന താരമായി കൃഷ്ണ മാറി. ഒപ്പം മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയന്റുകളുമായി ലീഗില്‍ ടീമിനെ ഒന്നാമതും എത്തിച്ചു.
കളിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം പുറെത്തടുത്ത ഒഡീഷക്കായിരുന്ന മത്സരത്തില്‍ മേല്‍കൈ. എ ടി കെയുടെ ആക്രമണങ്ങള്‍ക്ക് അതേ രീതിയില്‍ തന്നെ തിരിച്ചടി നല്‍കിയെങ്കിലും ഒഡീഷയുടെ മധ്യനിരയുടെ പരാജയം തുറന്നുകാട്ടുന്നതായിരുന്നു മത്സരം. ഇരു ടീമും ആക്രമണം വര്‍ധിപ്പിച്ചതോടെ പലപ്പോഴും മത്സരം പരുക്കന്‍ കളിയിലേക്ക് നീങ്ങി. 34-ാം മിനുട്ടില്‍ വലിയൊരു സുവര്‍ണാവസരം ഒഡിഷയെത്തേടിയെത്തി. മോഹന്‍ ബഗാന്റെ ബോക്സിനുള്ളില്‍ ഒഡിഷയുടെ ജേക്കബ് ട്രാട്ടിന് ഒരു ഫ്രീ ഹെഡ്ഡര്‍ ലഭിച്ചെങ്കിലും അത് അദ്ദേഹം പുറത്തേക്ക് ഹെഡ് ചെയ്തു.
ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി വിരസമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചില നീക്കങ്ങള്‍ ഇരു ഭാഗത്തുമുണ്ടായിരുന്നെങ്കിലും പിന്നീട് പലപ്പോഴും കളി ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. കളി ഫൈനല്‍ വിസിലിനോട് അടുത്തതോടെ സന്ദേശ് ജിംഗന്റെ മികച്ച ക്രോസില്‍ നിന്നും റോയ് കൃഷ്ണ ഉതിര്‍ത്ത ഹെഡ്ഡര്‍ അപ്രതീക്ഷിത വിജയം ഒരുക്കുകയായിരുന്നു.