Connect with us

National

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം: മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത | കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന നിരവധി കുറിപ്പുകള്‍ മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കര്‍ഷകരുടെയും അവരുടെ ജീവിതത്തെയും ഉപജീവന മാര്‍ഗത്തെയും കുറിച്ചെല്ലാം തനിക്ക് കടുത്ത ആശങ്കയുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. “കര്‍ഷക വരിരുദ്ധ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകണം. ഇല്ലെങ്കില്‍ സംസ്ഥാന-രാജ്യ വ്യാപകമായ പ്രക്ഷോഭം അഴിച്ചുവിടും.”- മമത ട്വീറ്റ് ചെയ്തു.
സമരത്തിലുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ നിര്‍ണായക ചര്‍ച്ച നടത്തുന്നതിന് തൊട്ടു മുമ്പാണ് മമത പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഡിസംബര്‍ നാലിന് വെള്ളിയാഴ്ച ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ അവശ്യവസ്തു നിയമങ്ങള്‍ സാധാരണ ജനത്തെ എങ്ങിനെയാണ് ബാധിക്കുന്നതെന്നും നിത്യോപയോഗ സാധനങ്ങളുടെ വന്‍ വില വര്‍ധനക്ക് ഇടയാക്കുന്നതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എല്ലാം വിറ്റുതുലക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മമത പറഞ്ഞു. റെയില്‍വേ, എയര്‍ ഇന്ത്യ, കല്‍ക്കരി മേഖല, ബി എസ് എന്‍ എല്‍, ബി എച്ച് ഇ എല്‍, ബേങ്കുകള്‍, പ്രതിരോധ മേഖല തുടങ്ങിയവ വില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും സ്വകാര്യ വത്ക്കരണവും അവസാനിപ്പിക്കണം.
രാജ്യത്തിന്റെ നിധികളെ ബി ജെ പിയുടെ വ്യക്തിഗത സ്വത്താക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

Latest