Connect with us

Ongoing News

തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്ലാതെ കണ്ണൂരിൽ രണ്ട് നഗരങ്ങൾ

Published

|

Last Updated

കണ്ണൂർ | കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കോലാഹലം നടക്കുമ്പോൾ തിരഞ്ഞെടുപ്പിന്റെ ആരവവൊന്നുമില്ലാതെ രണ്ടിടങ്ങളുണ്ട് കണ്ണൂരിൽ. മട്ടന്നൂർ നഗരസഭയും കണ്ണൂർ കന്റോൺമെന്റ് ബോർഡുമാണ് തിരഞ്ഞെടുപ്പിൽ നിന്നൊഴിഞ്ഞ് നിൽക്കുന്ന സംസ്ഥാനത്തെ തന്നെ രണ്ട് നഗരങ്ങൾ.
കണ്ണൂർ നഗരത്തിൽ തന്നെയാണ് കണ്ണൂർ കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ രാജ്യത്തെ തന്നെ ഏറ്റവും ചെറിയ കന്റോൺമെന്റാണ്. 1.79 ചതുരശ്ര കിലോമീറ്ററിലെ മൊത്തം ജനസംഖ്യ 4,798 ആണ്. ഇതിൽ സിവിലിയൻ ജീവനക്കാരും പ്രദേശത്ത് താമസിക്കുന്ന സൈനികരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. നിലവിൽ ഭരണം കോൺഗ്രസിനാണ്. ആറ് വാർഡുകളിലെ പ്രതിനിധികളെയാണ് തിരഞ്ഞെടുക്കുന്നത്. ബോർഡിന്റെ പ്രസിഡന്റായ ആർമി സ്‌റ്റേഷൻ കമാൻഡർ, മിലിട്ടറി ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ, ഗാരിസൺ എൻജിനീയർ, കന്റോൺമെന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ, ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നിവരാണ് ബോർഡിലെ മറ്റ് പ്രതിനിധികൾ.

അഞ്ച് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ഭരണസമിതിയുടെ കാലാവധി നീട്ടി നൽകും. ഇത്തവണ ആഗസ്തിൽ കാലാവധി പൂർത്തിയാക്കിയെങ്കിലും ആറ് മാസം വരെ കൂടി കണ്ണൂരിന് നീട്ടി നൽകിയിട്ടുണ്ട്. രാജ്യത്തെ മറ്റ് കന്റോൺമെന്റ് പ്രദേശങ്ങളുടെ കൂടെ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് കാലാവധി ദീർഘിപ്പിച്ചത്. അടുത്ത വർഷം ഫെബ്രുവരിയിൽ കന്റോൺമെന്റ്‌ബോർഡിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ആറ് വാർഡുകളിൽ അഞ്ചിലും കോൺഗ്രസിനാണ് വിജയം. ഒരു സീറ്റിൽ സി പിഎമ്മിനായിരുന്നു ജയം. എൽ ഡി എഫിൽ നിന്ന് കഴിഞ്ഞ തവണ യു ഡി എഫ് ഭരണം പിടിച്ചെടുക്കകുയായിരുന്നു. ബോർഡ് വൈസ് പ്രസിഡന്റ് സ്ഥാനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്കായിരിക്കും. കണ്ണൂർ നഗരസഭയുടെ ഭാഗമായിരുന്ന ബർണശ്ശേരിയെ വേർപ്പെടുത്തി 1938 ജനുവരി ഒന്നിനാണ് കണ്ണൂർ കന്റോൺമെന്റ് രൂപവത്കരിച്ചത്.

ഭരണ കാലാവധി പൂർത്തിയാക്കി 2022ലാണ് മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടക്കുക. 1990ൽ ഇ കെ നായനാർ മന്ത്രിസഭ മട്ടന്നൂർ ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയപ്പോൾ 1991ൽ അധികാരത്തിൽ വന്ന യു ഡി എഫ് മന്ത്രിസഭ പഞ്ചായത്തായി തരംതാഴ്ത്തിയതാണ് മട്ടന്നൂരിന് മാത്രം പ്രത്യേകം തിരഞ്ഞെടുപ്പ് നടത്താൻ കാരണം. 1997ൽ വീണ്ടും എൽ ഡി എഫ് മന്ത്രിസഭ അധികാരത്തിൽ വന്നതോടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ മട്ടന്നൂരിനെ വീണ്ടും നഗരസഭയായി പ്രഖ്യാപിച്ചു. 1997 സെപ്തംബറിലെ പ്രഥമ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് അധികാരത്തിൽ വരികയും ചെയ്തു. നഗരസഭയിൽ ആകെ 35 വാർഡിലേക്കാണ് വോട്ടെടുപ്പ് നടത്തുക. നിലവിലും ഭരണം എൽ ഡി എഫിന് തന്നെ. തൊട്ടടുത്ത പ്രദേശങ്ങളായ ഇരിട്ടി നഗരസഭയും കീഴല്ലൂർ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തുകളും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ മട്ടന്നൂർ നഗരസഭ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.