Connect with us

National

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മഴ ശക്തം, ജാഗ്രതയോടെ കേരളം

Published

|

Last Updated

ജാഫ്‌ന / കന്യാകുമാരി| ശ്രീലങ്കയില്‍ ബുറേവി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്നു. ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായുമാണ് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.

ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി കേരളത്തിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ കടക്കുന്നതിന് മുന്‍പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അടിയന്തിര സാഹചര്യം നേരിടാന്‍ 8 കമ്പനി ദുരന്തനിവാരണ സേന സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Latest