Connect with us

Editorial

പ്രവാസി വോട്ട് യാഥാർഥ്യമാക്കണം

Published

|

Last Updated

വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർക്ക് തൊഴിലിടത്തുവെച്ച് തന്നെ സമ്മതിദാനം രേഖപ്പെടുത്താൻ അവസരം നൽകണമെന്ന ദീർഘകാലത്തെ പ്രവാസി ലോകത്തിന്റെ ആവശ്യം സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജനപ്രാതിനിധ്യം അർഥപൂർണമാകാനും ജനാധിപത്യ പ്രക്രിയ കരുത്തുറ്റതാകാനും ജനപങ്കാളിത്തം പരമാവധി ഉയരണം. ഇതിനാൽ പ്രായോഗിക ബുദ്ധിമുട്ടുള്ള വിദേശ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ജനാധിപത്യ പ്രക്രിയയിൽ ഉറപ്പാക്കാനുള്ള ഏതു തീരുമാനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്രവാസി ഇന്ത്യക്കാർക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ ഒരുക്കമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചത് ഇക്കാരണത്താൽ തന്നെ ധീരമായ ചുവടുവെപ്പാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കേണ്ട കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പ്രവാസികൾക്ക് സമ്മതിദാനം വിനിയോഗിക്കാൻ സാങ്കേതികവും ഭരണപരവുമായ തയ്യാറെടുപ്പ് നടത്താനാണ് തിര. കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം(ഇ ടി പി എസ് )പ്രാവർത്തികമാക്കാനുള്ള പ്രായോഗിക നടപടികളിലേക്കാണ് കേന്ദ്ര നിയമ മന്ത്രാലയം ഇനി സഞ്ചരിക്കേണ്ടത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലാഭം ത്രാസിലിട്ടു നോക്കാതെ ജനാധിപത്യത്തെ അർഥപൂർണമാക്കാനുള്ള ദൗത്യം നിറവേറ്റപ്പെടാനുള്ള സമ്മർദമാണ് രാജ്യത്തുയരേണ്ടത്.

ലോകം വിരൽതുമ്പിലെന്നഭിമാനിക്കുന്ന ഇക്കാലത്ത് സമ്മതിദായകർ തങ്ങളുടെ മണ്ഡലത്തിലെ നിഷ്‌കർഷിത ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ശഠിക്കേണ്ടതില്ല. പരമ്പരാഗത പോളിംഗ് ബൂത്തുകൾ കമ്പ്യൂട്ടറൈസ്ഡ് നെറ്റ് വർക്ക് ബൂത്തുകൾക്ക് വഴിമാറണം. എ ടി എം മാതൃകയിലുള്ള ഇലക്‌ട്രോണിക് നെറ്റ് വർക്കിലൂടെ ഏതൊരു സമ്മതിദായകനും രാജ്യത്തെവിടെ നിന്നും വോട്ടു ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ അനായാസേന കഴിയും. വിരലടയാളവും നേത്ര പടല അടയാളവുമൊക്കെ സൂക്ഷിച്ച് കൃത്രിമം പൂർണായി ഒഴിവാക്കാം. കള്ളവോട്ടും ഒന്നിലധികം മണ്ഡലങ്ങളിലെ വോട്ടുകളും തടയാൻ ഓൺലൈൻ വോട്ടിംഗ് പ്രാവർത്തികമാക്കാം. ഇ ബാലറ്റുകൾ എംബസിയിൽ എത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തേണ്ട പ്രവാസികൾക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി എത്തി എംബസിയിൽ സി സി ടി വി റെക്കോർഡിംഗിന് കീഴിൽ വോട്ട് രേഖപ്പെടുത്താനുമാവും.

പ്രവാസികൾക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യാനുള്ള അവസരത്തിനായി പ്രവാസി സംരംഭകൻ ഡോ. ശംസീർ വയലിൽ 2014 മാർച്ചിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ഇതേകുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു. അതുപ്രകാരം ഇതുസംബന്ധമായ ചർച്ചകളും പഠനങ്ങളും നടന്നു. പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റോ പ്രോക്‌സി വോട്ടോ (പകരം പ്രതിനിധിയെ ഏർപ്പെടുത്തൽ) ആകാമെന്ന് കമ്മീഷൻ ശിപാർശ ചെയ്തു. പ്രോക്‌സി വോട്ടിനുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ അംഗീകാരം കിട്ടാതെ ബിൽ അസാധുവായി.

ജനാധിപത്യ മര്യാദയും സ്വകാര്യതയും നിലനിർത്തുന്നതിന് പ്രോക്‌സി വോട്ടിംഗിനെ അപേക്ഷിച്ച് ഇ വോട്ടിംഗ് തന്നെയാണ് എന്തു കൊണ്ടും അഭികാമ്യം. സാങ്കേതിക വിദ്യയുടെ കുതിപ്പ് ഇലക്‌ട്രോണിക്‌സ് രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവ മാധ്യമങ്ങൾ ജനകീയമാവുകയും ചെയ്ത പുതിയ സാഹചര്യത്തിൽ ഈ വോട്ടിംഗിന്റെ പ്രായോഗികതയെ കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളും വിനിമയങ്ങളും ഇന്റർനെറ്റിലൂടെ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടല്ലോ. അതീവ സുരക്ഷ ആവശ്യമായ ഓൺലൈൻ ബേങ്കിംഗ് ഉൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെ ലോകത്ത് ലക്ഷക്കണക്കിനാളുകൾ സുരക്ഷിതമായി പണം കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ പ്രവാസി വോട്ടിംഗ് അംഗീകരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തിട്ടുമുണ്ട്.

ഇന്ത്യയിലെ പ്രവാസികളിൽ സിംഹഭാഗവും ഗൾഫ് മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. അവരിൽ തന്നെ അധികവും വളരെ കുറഞ്ഞ മാസ വരുമാനമുള്ളവരും . നാട്ടിലൊരു വോട്ടിന് വേണ്ടി ലീവും വിമാന യാത്രാ കൂലിയും സംഘടിപ്പിക്കുകയെന്നത് സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. മാത്രമല്ല, ഗൾഫിലെ ഏതാണ്ടെല്ലാ തൊഴിലിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം എമ്പാടുമുണ്ട്. ഇവരെല്ലാം ഒരേ സമയം വോട്ട് രേഖപ്പെടുത്താൻ സ്വന്തം രാജ്യത്തേക്ക് പുറപ്പെട്ടാൽ അവിടെ വ്യവസായ മേഖല ഭാഗികമായെങ്കിലും സ്തംഭിക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ നാട്ടിലെത്തി വോട്ട് ചെയ്യുക എല്ലാവർക്കും പ്രായോഗികവും ശാസ്ത്രീയവുമല്ല.
ഭരണകൂടവും തിര. കമ്മീഷനും രാഷ്ട്രീയ നേതൃത്വവും പ്രവാസി വോട്ടിന് അനുകൂലമാണെന്ന് മേനി നടിക്കുമ്പോഴാണ് ഇനി ശരിയായ പഠനം നടക്കുക. ആർക്കാണ് പ്രവാസി വോട്ടിന്റെ കൂടുതൽ ആനുകൂല്യം ലഭിക്കുക? ഭരിക്കുന്ന പാർട്ടിക്ക് പ്രയോജനമുണ്ടാവുമെങ്കിൽ സംഗതി എപ്പോഴേ പ്രാവർത്തികമാകുമായിരുന്നു. ഇ വോട്ടിംഗ് കുറ്റമറ്റതും കാര്യക്ഷവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും ലോക്‌സഭ പ്രോക്‌സി വോട്ടിനു വേണ്ടി സമയം കളഞ്ഞതും വഴിപാട് നടത്തിയതും പ്രവാസി വോട്ട് എന്ന ആശയത്തോട് രാഷ്ട്രീയ പാർട്ടികൾക്കുള്ള നീരസമാണ് വ്യക്തമാക്കുന്നത്.

വിദേശ രാജ്യങ്ങളിലുള്ള ആറ് കോടിയിലധികം ഇന്ത്യക്കാരിൽ അറുപത് ലക്ഷത്തിലധികം പേർ വോട്ടിംഗ് പ്രായം കടന്നവരാണ്. ഇവരുടെ സമ്മതിദാനം രേഖപ്പെടുത്താൻ, പ്രവാസി വോട്ട് യാഥാർഥ്യമാക്കാനുള്ള നീക്കം ഏതൊരു ഭാഗത്തു നിന്നുണ്ടായാലും അതൊരു ചരിത്ര ദൗത്യമായി കരുതി പിന്തുണക്കപ്പെടേണ്ടതു തന്നെയാണ്.

---- facebook comment plugin here -----

Latest