Connect with us

Ongoing News

സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു; കോലിയോട് ഡോ. സുൽഫി നൂഹു

Published

|

Last Updated

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയുടെ ചിത്രത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേന്ദ്ര കമ്മിറ്റി അംഗവും ഇ എന്‍ ടി വിദഗ്ധനുമായ ഡോ. സുല്‍ഫി നൂഹു. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലെന്നും സ്വന്തം ഭാര്യയോടും കുട്ടിയോടും ഈ ക്രൂരത പാടില്ലായിരുന്നുവെന്നും സുൽഫി നൂഹു ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാമെന്നും ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഇക്കാര്യമോർക്കണമെന്നും നൂഹു ചൂണ്ടിക്കാട്ടി. ഇത്തരം അഭ്യാസം കാരണമായി കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യതയുണ്ടെന്നും നൂഹു വ്യക്തമാക്കി.

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ്  നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  കോലിയും ചിത്രത്തിലുണ്ട്.  ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷമെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

 

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കോഹ്ലി❗

ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്. ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.ഭാര്യയോട് മാത്രമല്ല കുട്ടിയോടും.ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുൽഫി നൂഹു

 

 

Latest