Covid19
കൊവിഡ്; പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം | കൊവിഡ് ചികിത്സയുടെ ഭാഗമായുള്ള പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പ് പുതുക്കി. പ്ലാസ്മ നല്‍കുന്നയാളുടെ രക്തത്തില്‍ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയായിരിക്കും പ്ലാസ്മ എടുക്കുക. മാത്രമല്ല, സ്വീകരിക്കുന്ന ആള്‍ക്ക് ആന്റിബോഡി ഇല്ലെങ്കില്‍ മാത്രമേ പ്ലാസ്മ ചികിത്സ നല്‍കുകയുള്ളൂ. കൊവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളില്‍ ഓക്സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികള്‍ക്കായിരിക്കും ഇനി മുതല്‍ പ്ലാസ്മ തെറാപ്പി നല്‍കുക.
രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. കൊവിഡിനെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം സുഖപ്പെട്ടു കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കൊവിഡ് രോഗമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.
രോഗം ഭേദമായി 28 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലാസ്മ സ്വീകരിക്കുക. പ്ലാസ്മ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായെന്നും പ്ലാസ്മ തെറാപ്പി ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഐ സി എം ആര്‍, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ എന്നിവയുടെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പ്ലാസ്മ ചികിത്സ നടത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.