Connect with us

National

കുഞ്ഞാലിക്കുട്ടിയെ തള്ളി തെലുങ്കാന മുസ്ലിം ലീഗ്; ഹൈദരാബാദില്‍ പിന്തുണ ഉവൈസിക്ക് തന്നെ

Published

|

Last Updated

കോഴിക്കോട് | ഇന്ന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈിസിയുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കില്ലെന്നും യു പി എക്ക് പുറത്തുള്ള ഒരു കക്ഷിക്കും ലീഗ് വോട്ട് ചെയ്യില്ലെന്നുമുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തെ തള്ളി തെലുങ്കാന മുസ്ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഞെട്ടലുണ്ടാക്കിയെന്നും, ഉവൈസിയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും തെലുങ്കാന മുസ്ലിം ലീഗ് പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍ കേരളത്തത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എ ഐ എം ഐ എം പാര്‍ട്ടിയെ തന്നെ മുസ്ലിം ലീഗ് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. യു പി എയെ നയിക്കുന്ന കോണ്‍ഗ്രസും ഹൈദരാബാദില്‍ മത്സരിക്കുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തെ തള്ളി സംസ്ഥാന ഘടകം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഉവൈസിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഇംതിയാസ് ഹുസൈന്‍ പ്രസ്താവന പുറത്തിറക്കിയത്. തെരെഞ്ഞെടുപ്പില്‍ ഉവൈസിയെ പിന്തുണയ്ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതോടെ ഇത് നിഷേധിച്ച് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. യു പി എക്ക് പുറത്തുള്ള ഒരു കക്ഷിക്കും ലീഗ് ഇതുവരെ പിന്തുണ കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഉവൈസിയുടെ സാന്നിധ്യം ബി ജെ പിക്ക് ഗുണം ചെയ്യുന്നതായാണ് ലീഗിന്റെ വിലയിരുത്തല്‍ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ തെലുങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനിയുടെ പേരില്‍ ഒരു കുറിപ്പ് ഇറക്കിയിരുന്നു. യു പി എ കക്ഷികള്‍ക്ക് മാത്രമേ വോട്ട് കൊടുക്കാവൂ എന്നായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. കേരള ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു കുറിപ്പ് ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉവൈസിക്കൊപ്പം പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന സംസ്ഥാന ലീഗ് നേതാക്കള്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അബ്ദുല്‍ ഗനിയുടെ പേരില്‍ ഇറക്കിയ കത്തിനേയും ഇംതിയാസ് ഹുസൈന്‍ തള്ളിക്കളയുന്നു.