Connect with us

Articles

സംഘര്‍ഷമാണ് സംഘ്പരിവാര്‍ ലക്ഷ്യം

Published

|

Last Updated

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇന്ത്യന്‍ യൂനിയനില്‍ നേരത്തേ തന്നെ കുറ്റകരമാണ്. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുമുണ്ട്. ഏതെങ്കിലുമൊരു വ്യക്തിക്ക് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വിശ്വാസം സ്വീകരിക്കുന്നതിന് തടസ്സമില്ല. ഇതല്ലാതെയും മതപരിവര്‍ത്തനം നടക്കാറുണ്ട്. അതിവിടെ മാത്രമല്ല, വിവിധ മതങ്ങള്‍ക്ക് സ്വാധീനമുള്ള എല്ലാ പ്രദേശങ്ങളിലുമുണ്ട്. അതിലേറ്റം പ്രധാനം വിവാഹമാണ്, പ്രത്യേകിച്ച് ഇന്ത്യന്‍ യൂനിയനില്‍. ഭിന്ന മതങ്ങളില്‍പ്പെട്ടവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുമ്പോള്‍ അതിലൊരാള്‍, മിക്കവാറുമത് സ്ത്രീകളായിരിക്കും, പങ്കാളിയുടെ വിശ്വാസം സ്വീകരിക്കും. അതിലൊരു വലിയ അപാകം സമൂഹം കണ്ടിരുന്നില്ല. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായി, ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുണ്ടാകുമെന്നതിനപ്പുറത്ത്. ആ കുറ്റപ്പെടുത്തല്‍ പോലും അവരുടെ ചുറ്റുവട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കും.

ഈ അവസ്ഥയിലൊരു മാറ്റമുണ്ടാകുന്നത്, “ലൗ ജിഹാദ്” എന്ന വ്യാജം പ്രചരിപ്പിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ്. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി മതംമാറ്റുകയോ പറ്റിക്കുകയോ തീവ്രവാദ സംഘടനകളുടെ ഭാഗമാക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനം വ്യാപകമാണെന്നും അതിന് “ലൗ ജിഹാദ്” എന്നാണ് പേരെന്നും ആദ്യം പ്രചരിപ്പിച്ച് തുടങ്ങിയത് സംഘ്പരിവാറുമായി ബന്ധമുള്ള പേരില്‍ മാത്രം നിലനില്‍ക്കുന്ന ചില സംഘടനകളായിരുന്നു. കര്‍ണാടകത്തിലും കേരളത്തിലും ആരംഭിച്ച പ്രചാരണം, വസ്തുതകള്‍ പരിശോധിക്കാതെ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംശയങ്ങള്‍ക്ക് കനം കൂടി. കേരളത്തിലത് കോടതിയുടെ പരിഗണനാ വിഷയമാകുകയും വാസ്തവവിരുദ്ധമാണെന്ന പോലീസ് റിപ്പോര്‍ട്ടുകളോടെ നിയമപരമായ നടപടികള്‍ അവസാനിക്കുകയും ചെയ്തു. പക്ഷേ, സമൂഹത്തില്‍ സംശയം വളര്‍ത്തുക എന്ന സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യം ഒരു പരിധി വരെ വിജയിച്ചു. അതിലേക്ക് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കത്തോലിക്ക സഭയും നല്‍കിയ “സംഭാവന” എടുത്തു പറയേണ്ടതാണ്.

ഇതേ പ്രചാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാരം തുടങ്ങുന്നത് പിന്നീട് കണ്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ സംഘ്പരിവാരം സൃഷ്ടിച്ച വര്‍ഗീയ കലാപം ഇത്തരമൊരു പ്രചാരണത്തിലൂടെയാണ്. അതിലൂടെ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം 2014ലെ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വലിയ വിജയത്തിന് കാരണമാകുകയും ചെയ്തു. ചെറിയ ഒരു ഇടവേളക്ക് ശേഷം “ലൗ ജിഹാദ്” എന്ന വ്യാജം വീണ്ടുമെത്തുമ്പോള്‍ ബി ജെ പിയും അതിന്റെ സര്‍ക്കാറുകളും അത് ഏറ്റെടുക്കുകയാണ്. അതുകൊണ്ടാണ് മധ്യപ്രദേശിലെയും ഹരിയാനയിലെയും ഉത്തര്‍ പ്രദേശിലെയുമൊക്കെ ബി ജെ പി സര്‍ക്കാറുകള്‍ ഒരേസമയം “ലൗ ജിഹാദ്” തടയാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെയാണ് നിയമം പ്രാബല്യത്തിലാക്കിയത്. അതിലൂടെ, കേരളത്തിലെയും കര്‍ണാടകത്തിലെയും പോലീസ് വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തിയ, ഉത്തര്‍ പ്രദേശിലെ പോലീസ് തന്നെ തള്ളിക്കളഞ്ഞ ഒരു സംഗതിയെ രാജ്യത്ത് നിലനില്‍ക്കുന്ന ഒന്നായി സ്ഥാപിക്കുകയും ഭൂരിപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരൊക്കെ കരുതിയിരിക്കണമെന്ന സന്ദേശം നല്‍കുകയുമാണ് അവര്‍.

കൊവിഡ് വ്യാപിക്കുകയും അത് തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്ത സാഹചര്യത്തിലാണ് “ലൗ ജിഹാദ്” പൊടിതട്ടിയെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്ന രാജ്യം, കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രയാസങ്ങളും തിരഞ്ഞെടുപ്പില്‍ വിഷയമായി ഉന്നയിക്കപ്പെടുകയും അതിനോട് ജനം പ്രതികരിക്കുകയും ചെയ്യുന്ന കാഴ്ച ബിഹാറില്‍ കണ്ടു. സഖ്യകക്ഷിയായ ജെ ഡി യുവിനെ ചെറുതാക്കി മുന്നേറാന്‍ ബി ജെ പിക്ക് സാധിച്ചുവെങ്കിലും അവര്‍ പ്രതീക്ഷിച്ചത് പോലൊരു വിജയത്തിലേക്ക് എത്താനായില്ല. തീര്‍ത്തും ദുര്‍ബലമാകുമെന്ന് അവര്‍ പ്രതീക്ഷിച്ച രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിലുള്ള സഖ്യം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ജനങ്ങള്‍ അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ആശങ്കാകുലരാകുകയും വോട്ടിലൂടെ പ്രതികരിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ നരേന്ദ്ര മോദിയെന്ന നേതാവിനെ ചൂണ്ടിക്കാട്ടിയതു കൊണ്ടോ അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് കൊണ്ടോ മറികടക്കാനാകില്ലെന്ന് സംഘ്പരിവാരം തിരിച്ചറിയുന്നുണ്ട്. ജീവിത ദുരിതങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കണമെങ്കില്‍, വര്‍ഗീയ വിഷം വമിപ്പിക്കുകയോ കപട രാജ്യസ്‌നേഹത്തിന്റെ തടവിലേക്ക് നയിക്കുകയോ വേണം. എളുപ്പത്തിലെ ക്രിയ വര്‍ഗീയതയാണ്. എപ്പോഴും പുറത്തെടുക്കാവുന്ന, കള്ളങ്ങളുടെ സംഘടിതമായ പ്രചാരണത്തിലൂടെ സ്ഥാപിച്ചെടുക്കാവുന്ന, എതിര്‍ വാദങ്ങള്‍ക്ക് എളുപ്പത്തില്‍ ഇടം നല്‍കാത്ത വര്‍ഗീയത. ഇക്കുറി അതിന് ഭരണകൂടങ്ങള്‍ നേരിട്ടിറങ്ങിയെന്ന് മാത്രം. പല സംസ്ഥാനങ്ങളും നിയമ നിര്‍മാണത്തിന് ഇറങ്ങുകയും അതിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും അനിവാര്യമായ നിയമ നിര്‍മാണമെന്ന് സംഘ് അനുകൂല ദേശീയ മാധ്യമങ്ങള്‍ ഘോഷിക്കുകയും ചെയ്യുന്നതോടെ, നമ്മുടെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താനുള്ള വലിയ ഗൂഢാലോചന നടക്കുന്നുവെന്ന വിശ്വാസത്തിലേക്ക് ആളുകളെത്തും. അതോടെ അവന്റെ ദൈനംദിന വേവലാതി ഇതല്ലാതെ മറ്റൊന്നാകുകയുമില്ല. പെണ്‍കുഞ്ഞുങ്ങളെ “രക്ഷിക്കാന്‍” നിയമം കൊണ്ടുവന്ന ആദിത്യനാഥുമാരെ അവന്‍ നന്ദിയോടെ സ്മരിക്കും. “ലൗ ജിഹാദി”ന് കോപ്പുകൂട്ടുന്നവരെ ആവോളം വെറുക്കും. ആ വെറുപ്പ് എവിടെയെങ്കിലും സംഘര്‍ഷത്തിലേക്ക് വഴി തുറന്നാല്‍ അതും സംഘ്പരിവാരത്തിന് മുതല്‍ക്കൂട്ട്!
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ബി ജെ പി സര്‍ക്കാറുകള്‍ മുമ്പ് തന്നെ കൊണ്ടുവന്ന നിയമമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അനുകരിച്ചത്. ഉത്തരാഖണ്ഡിലും ഹിമാചലിലും കൊണ്ടുവന്നപ്പോഴുണ്ടാകാതിരുന്ന ശബ്ദ കോലാഹലം ഇപ്പോഴുണ്ടാകുന്നതില്‍ നിന്ന് തന്നെ ലക്ഷ്യം വ്യക്തം. “ലൗ ജിഹാദ്” തടയാനെന്ന് ആദിത്യനാഥാദികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനം നിയന്ത്രിക്കാനുള്ളതാണ് നിയമം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ, പറ്റിച്ചുള്ള മതംമാറ്റവും തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. വിവാഹം ലാക്കാക്കിയുള്ള മത പരിവര്‍ത്തനവും ശിക്ഷാര്‍ഹമാണെന്ന് നിയമം പറയുന്നു. പത്ത് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. വിവാഹം വ്യക്തിയുടെ തീരുമാനമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍പ്പെടുന്നതാണെന്നും രാജ്യത്തെ കോടതികള്‍ പലകുറി വ്യക്തമാക്കിയതാണ്. ആ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ തീരുമാനിക്കുന്ന ഒരാള്‍, അതിന് വേണ്ടി മതം മാറാന്‍ കൂടി തീരുമാനിച്ചാല്‍ എങ്ങനെ നിയമ വിരുദ്ധമാകുമെന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ ഉയരുമെന്ന് ഉറപ്പ്.

മതപരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നവര്‍, 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ അപേക്ഷ നല്‍കണം. അപേക്ഷയിന്മേല്‍ അന്വേഷണം നടത്തി, വിശ്വസിക്കാവുന്ന സാഹചര്യങ്ങളിലാണ് പരിവര്‍ത്തനമെന്ന് ബോധ്യപ്പെടുന്ന പക്ഷം അതിന് അനുമതി നല്‍കുമെന്നാണ് നിയമത്തില്‍ പറയുന്നത്. ഈ വ്യവസ്ഥ പാലിക്കാതെയുള്ള പരിവര്‍ത്തനങ്ങളൊക്കെ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പെണ്‍കുട്ടികളുടെ മതം മാറ്റത്തിന്റെ കാര്യം മാത്രമേ നിയമത്തില്‍ പരാമര്‍ശിക്കുന്നുള്ളൂ. വിവാഹം ലക്ഷ്യമിട്ട് പെണ്‍കുട്ടി മതം മാറുകയാണെങ്കില്‍ ആ വിവാഹം, പുതിയ നിയമപ്രകാരം അസാധുവാണ്. പെണ്‍കുട്ടിയുടെ മതംമാറ്റം ലക്ഷ്യമിട്ടുള്ള വിവാഹമാണെന്ന് ബോധ്യപ്പെട്ടാല്‍ അതും അസാധുവാക്കപ്പെടും. വിവാഹത്തിന് ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ അപേക്ഷ നല്‍കണം. ഈ അപേക്ഷയില്‍ നടത്തുന്ന അന്വേഷണത്തില്‍ വിവാഹമെന്ന ഒറ്റ ലക്ഷ്യത്തിനായിരുന്നു മതംമാറ്റമെന്ന് ബോധ്യപ്പെട്ടാല്‍ (ആദിത്യനാഥുമാരുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ അങ്ങനെ മാത്രമേ ബോധ്യപ്പെടൂ) വിവാഹം അസാധുവാകും. പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചവരെന്ന പേരില്‍ പങ്കാളിയും ബന്ധുക്കളുമൊക്കെ കുറ്റവാളികളാകും. നിയമ വ്യവസ്ഥ പോലീസിന് അമിതാധികാരം നല്‍കുന്നതുമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നോ പറഞ്ഞുപറ്റിച്ചുള്ള മതപരിവര്‍ത്തനമെന്നോ ഒക്കെയുള്ള പരാതികളുണ്ടായാല്‍ പോലീസിന് നേരിട്ട് അറസ്റ്റുചെയ്യാം. ഇങ്ങനെ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമം ഉപയോഗിച്ച് വലിയ വേട്ട ഉത്തര്‍ പ്രദേശിലും സമാന നിയമം കൊണ്ടുവരുന്ന ബി ജെ പി ഭരണത്തിലുള്ള പ്രദേശങ്ങളിലുമുണ്ടാകുമെന്നുറപ്പ്. ബി ജെ പി കേന്ദ്രാധികാരം പിടിക്കുന്നതിന് മുമ്പേ തന്നെ സംഘ്്വത്കരിക്കപ്പെട്ട പോലീസ്, അവരുടെ ഭരണത്തിന്‍ കീഴില്‍ ഈ നിയമം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് ഉറപ്പ്. ന്യൂനപക്ഷ വേട്ടയും മനുഷ്യാവകാശ ലംഘന പരമ്പരയും പ്രതീക്ഷിക്കണം. “ലൗ ജിഹാദി”ന് അറസ്റ്റിലായവരുടെ കണക്കുകള്‍ നിരത്തി വര്‍ഗീയ വിഭജനത്തിന്റെ ആഴം കൂട്ടാനുള്ള ശ്രമങ്ങളും. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തു നിന്ന് “പുറത്താക്കേണ്ടവരെ” ചൂണ്ടിക്കാണിച്ചു കൊടുത്ത സംഘ്പരിവാരം, അവരെ പുറത്താക്കാന്‍ ശ്രമിക്കേണ്ടതിന് പുതിയ കാരണങ്ങള്‍ നിര്‍മിച്ച്, ബോധ്യപ്പെടുത്തുകയാണ് ഇത്തരം നിയമ നിര്‍മാണങ്ങളിലൂടെ. ആഭ്യന്തര സംഘര്‍ഷമല്ലാതെ മറ്റൊന്നല്ല രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉദ്ദേശ്യമെന്ന് ന്യായമായും സംശയിക്കണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest