Connect with us

National

മുംബൈയില്‍ ലിഫ്റ്റിനും വാതിലിനും ഇടയില്‍പ്പെട്ട് അഞ്ച് വയസുകാരന്‍ മരിച്ചു

Published

|

Last Updated

മുംബൈ |  മുംബൈയില്‍ ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. ധരാവിയിലെ കോസി സെന്റര്‍ ബില്‍ഡിംഗില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മുഹമ്മദ് ഹുസൈഫ സര്‍ഫ്രാസ് ഷെയ്ഖ് ആണ് മരിച്ചത്.

കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഞ്ച് വയസുകാരനും കുടുംബവും താമസിക്കുന്നത്. ശനിയാഴ്ച രണ്ട് സഹോദരിമാര്‍ക്കൊപ്പം കളിക്കവേ മുകളിലത്തെ നിലയിലേക്ക് പോകാന്‍ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചപ്പോഴായിരുന്നു അപകടം. ലിഫ്റ്റില്‍ കയറി ഇവര്‍ ബട്ടണ്‍ അമര്‍ത്തിയെങ്കിലും ലിഫ്റ്റിന്റെ വാതില്‍ ശരിയായി അടച്ചിരുന്നില്ല. ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ ലിഫ്റ്റിന്റെ പുറത്തേക്ക് ചാടിയിറങ്ങി.

എന്നാല്‍ അഞ്ച് വയസുകാരന്‍ ഗ്രില്ലിനും ലിഫ്റ്റിന്റെ സുരക്ഷാ വാതിലിനുമിടയില്‍ കുടുങ്ങുകയായിരുന്നു. ബട്ടണ്‍ അമര്‍ത്തിയിരുന്നതിനാല്‍ ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും കുട്ടി താഴേക്ക് പതിക്കുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ഉടന്‍ മരിച്ചു.സംഭവം നടന്ന് 45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിയുടെ അമ്മ വിവരം അറിയുന്നതെന്നും സാഹു നഗര്‍ പോലീസ് ഇന്‍പെക്ടര്‍ വിലാസ് ഗംഗവാനെ പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Latest