Connect with us

National

നെഗറ്റീവ് രാഷ്ട്രീയം പ്രചരിപ്പിച്ച് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: അശോക് ഗെഹ്‌ലോട്ട്

Published

|

Last Updated

ജയ്പുര്‍ | നെഗറ്റീവ് രാഷ്ട്രീയം പ്രചരിപ്പിച്ച് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് ആരോപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. “ജനങ്ങള്‍ക്കിടയില്‍ കൊവിഡ് രോഗഭീതി അമിതമായി വളര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാമെന്നാണ് ബി ജെ പി കരുതുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടു കൂടി സംസ്ഥാനത്ത് ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോവുകയാണ് അവര്‍. എന്നാല്‍, ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. അധാര്‍മികമായ ഒരു പ്രചാരണങ്ങളെയും അവര്‍ സ്വീകരിക്കില്ല. നെഗറ്റിവ് രാഷ്ട്രീയത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ബി ജെ പി ശ്രമങ്ങള്‍ക്ക് ജനം മറുപടി നല്‍കും.”- ഗെഹ്‌ലോട്ട് പറഞ്ഞു.

അധികാര മോഹത്താല്‍ അന്ധരായാണ് ബി ജെ പി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയില്‍ പെട്ടിരിക്കുന്ന ഒരുകാലത്ത് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രതിപക്ഷത്തോടും സമൂഹത്തിലെ എല്ലാം വിഭാഗങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതിനെ തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ബി ജെ പി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിലംപതിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കതാരിയയും കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മെഗ്വാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുകയാണ്. പണവും മസില്‍ പവറും ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്ന് ഇത് തെളിയിക്കുന്നു.

കഴിഞ്ഞ കാലങ്ങളിലും ബി ജെ പി ഇത്തരം ശ്രമങ്ങള്‍ നടത്തിയതാണെന്നും എന്നാല്‍, കോണ്‍ഗ്രസ് എം എല്‍ എമാരുടെ ഐക്യവും പ്രതിബദ്ധതയും കാരണം അവര്‍ക്ക് പരാജയം നേരിടുകയായിരുന്നു. കുതിരക്കച്ചവടത്തിലൂടെ കര്‍ണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപവത്ക്കരിച്ച ബി ജെ പി രാജസ്ഥാനില്‍ അതിനു കഴിയാത്തതിന്റെ നിരാശയിലാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

Latest