Connect with us

International

ഡീഗോ മറഡോണ ഇനി ഓര്‍മകളില്‍; വിട നല്‍കി ഫുട്‌ബോള്‍ ലോകം

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ് | ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുകളെ ഈറനണിയിച്ച് ഫുട്‌ബോള്‍ ഇതിഹാസം മടങ്ങി. ഡീഗോ മറഡോണ ഇനി ഓര്‍മകളില്‍ മാത്രം. മറഡോണയുടെ മൃതദേഹം ബ്യൂണസ് അയേഴ്‌സിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബെല്ല വിസ്ത സെമിത്തേരിയില്‍ സംസ്‌കരിച്ചു. മാതാപിതാക്കളുടെ ചാരെ അന്ത്യനിദ്ര. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

മറഡോണക്ക് യാത്രാമൊഴിയേകാന്‍ ജനലക്ഷങ്ങളാണ് ബ്യൂണസ് അയേഴ്‌സിലേക്ക് എത്തിയത്. പ്രസിഡന്റിന്റെ കൊട്ടാരമായ കാസ റൊസാഡയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിറകണ്ണുകളോടെ പ്രിയ താരത്തെ അവര്‍ ഒരുനോക്കു കണ്ടു. ആരാധകരെ നിയന്തിക്കാനാകാതെ സുരക്ഷാ ജീവനക്കാര്‍ ബുദ്ധിമുട്ടി. മറഡോണയുടെ വിയോഗത്തെ തുടര്‍ന്ന് അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരം തുടരുകയാണ്.

ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു 60കാരനായ മറഡോണയുടെ അന്ത്യം. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായാ മറഡോണയെ തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നവംബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും പിന്നീട് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്.