Connect with us

Kerala

ഭരണഘടനയെ സംരക്ഷിക്കൽ ഓരോ പൗരന്റെയും ബാധ്യത: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയുടെ  അഖണ്ഡതയെ സംരക്ഷിക്കുന്ന ഭരണഘടനയെ പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തെ ഭരണകൂടങ്ങളുടെയും പൗരന്മാരുടെയും ബാധ്യതയാണ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.  മർകസിൽ ജീലാനി ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സഹിഷ്ണുതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലതരം സംസ്കാരങ്ങളും മതങ്ങളുമായിട്ടും വളരെ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് നമ്മുടേത്. ഒരിന്ത്യക്കാരന് ലോകത്തെവിടെ ചെന്നാലും ലഭിക്കുന്ന സ്വീകാര്യത സഹിഷ്ണുത നിലനിൽക്കുന്ന നാട്ടിലെ പ്രതിനിധിയെന്ന നിലയിലാണ്. ആ പാരമ്പര്യം കോട്ടം തട്ടാതെ നിലനിറുത്തണമെന്നും കാന്തപുരം പറഞ്ഞു.

ബാഗ്ദാദ് ശൈഖ് ജീലാനി ദർഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. അനസ് മഹമൂദ് ഈസാവി മുഖ്യാതിഥിയായിരുന്നു. എല്ലാവർക്കും നന്മ ചെയ്യാനും അങ്ങനെ ജീവിതം പ്രകാശിപ്പിക്കാനും കഴിഞ്ഞവരായിരുന്നു സൂഫികൾ എന്നും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മാനവിക ദർശനത്തെ അവർ മഹത്തരമായി സമൂഹത്തിൽ അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ സ്വാധീനം ഏറ്റവും കൂടുതൽ ഉണ്ടായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രമുഖ മുസ്‌ലിം യുവ പണ്ഡിതനായ ശൈഖ് സാഖിബ് ഇഖ്‌ബാൽ ഉദ്‌ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തങ്ങളിൽ  ലോകത്തെ മുസ്‌ലിം നേതാക്കൾ മാതൃക കാണുന്നുവെന്നും അഭിമാനകരമായ വിദ്യഭ്യാസ അസ്തിത്വം പണിയാൻ അദ്ദേഹത്തിന് സാധിച്ചത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് അലി ബാഫഖി പ്രാർത്ഥന നടത്തി.മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള പ്രധാന സുന്നി പണ്ഡിതന്മാരായ ജയ്പൂർ മുഫ്തി മൗലാന ഖാലിദ് അയ്യൂബി, അജ്മീർ ശരീഫിലെ അല്ലാമാ മെഹ്ദി മിയാ ചിശ്തി, ഡോ ശമീം അഹ്മദ് മുനാമി പാറ്റ്ന, , സിയാഉദ്ധീൻ നഖ്ശബന്ധി, ഹസ്രത്ത് അല്ലാമാ മെഹ്ദി മിയ, മൗലാനാ ഖാലിദ് അയ്യൂബി മിസ്ബാഹി,ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി  എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

 

Latest