Connect with us

Kozhikode

ഇരുളിനെ മുറിച്ച് ഗർജിച്ച മെഗാഫോൺ കാലം

Published

|

Last Updated

കോഴിക്കോട് | കാലം മാറി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കോലവും മാറിമറിഞ്ഞ് ഒടുക്കം സൈബർ സങ്കേതങ്ങളിൽ എത്തി നിൽക്കുന്നു. ആദ്യ കാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഉപകരണം മെഗാഫോൺ ആയിരുന്നു. ഒരു ഇരുന്പ് തകിട് വായവട്ടം വികസിപ്പിച്ചും ചുണ്ടോട് ചേർക്കുന്ന ഭാഗം ചുരുക്കിയും ഉണ്ടാക്കുന്ന ഒരു കുഴൽ. അതിനൊരു പിടിയും പിടിപ്പിച്ചാൽ മെഗാഫോണായി. ആള് സിമ്പിൾ ആണെങ്കിലും പവർഫുൾ ആയിരുന്നു. വൈദ്യുതിയൊന്നും കടന്നെത്താത്ത കാലമായതിനാൽ നിശ്ശബ്ദത വീട്ടകങ്ങളിൽ പോലും തളം കെട്ടിക്കിടക്കുന്ന കാലം. രാവ് ഇരുണ്ടാൽ പാർട്ടിക്കാർ പ്രദേശത്തെ ഏതെങ്കിലും ഉയർന്ന സ്ഥലത്ത് കയറി നിൽക്കും. പിന്നെ രാഷ്ട്രീയ പ്രസംഗമായി. വോട്ട് ചെയ്യാനുള്ള ആഹ്വാനമായി. കനപ്പെട്ട നിശബ്ദതയെ ഭേദിച്ച് ശബ്ദം ഓരോ വീട്ടിലും തുളച്ചെത്തും. വിളിച്ചു പറയുന്നവന്റെ തൊണ്ട പൊട്ടിയാലും കാര്യം നടക്കും. ഉച്ചഭാഷിണി രംഗം കീഴടക്കുന്നതുവരെ കൊല്ലന്റെ ആലയിൽ പിറവികൊണ്ട മെഗാഫോണിന്റെ പ്രൗഢി നിലനിന്നു.

1970കളുടെ അവസാനം വരെ മെഗാഫോൺ തന്റെ ആധിപത്യം തുടർന്നതായി പഴമക്കാർ പറയുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, കമ്യൂണിസ്റ്റ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി എസ് പി), മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് തുടങ്ങിയ പാർട്ടികൾക്കെല്ലാം ഓരോ പ്രദേശത്തും ആയുധം മെഗാഫോണുകളായിരുന്നു. മെഗാഫോണിൽ ഗർജിക്കാൻ രാഷ്ട്രീയം പഠിച്ച ഇടിമുഴങ്ങുന്ന ശബ്ദമുള്ള പ്രത്യേക ആളുകളും ഉണ്ടായിരുന്നു. ശബ്ദം കേട്ടാൽ നാട്ടുകാർ അപ്പോൾ തന്നെ ആളെ തിരിച്ചറിയും. പി എസ് പിയുടെ ചിഹ്നം കുടിലായിരുന്ന കാലത്ത് “പണിയില്ലാത്തോൻ പി എസ് പി…, തുണിയില്ലാത്തോൻ പി എസ് പി…, കുടിലില്ലാത്തോൻ പി എസ് പി…” എന്ന മുദ്രാവാക്യം മെഗാഫോണിൽ വിളിച്ചു പറഞ്ഞു പോയത് പ്രായമുള്ളവർ ഇന്നും ഓർക്കുന്നുണ്ട്.
മൈക്ക് സെറ്റ് കടന്നു വന്നപ്പോൾ നോട്ടീസിൽ “പൊതുയോഗത്തിൽ ഇലക്ട്രിക് ലൈറ്റും ഉച്ചഭാഷിണിയുമുണ്ടാകും” എന്ന് പ്രത്യേകം രേഖപ്പെടുത്തുമായിരുന്നു. ഉച്ചഭാഷിണിയും ട്യൂബ് ലൈറ്റും കാണാൻ മാത്രമായി നാട്ടുകാർ യോഗത്തിൽ തടിച്ചുകൂടിയിരുന്നു.

മലബാറിലെ രാഷ്ട്രീയ ചരിത്രത്തിൽ മെഗാഫോണിന് വീര പരിവേഷം ലഭിച്ച ഒരു സംഭവമായിരുന്നു ഒഞ്ചിയം വെടിവെപ്പ്. ആ സംഭവം ഇങ്ങനെ: കൊൽക്കത്തയിൽ നടന്ന രണ്ടാം കോൺഗ്രസിന്റെ തീരുമാനം വിശദീകരിക്കാൻ 1948 ഏപ്രിൽ 30ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്ന വിവരം മണത്തറിഞ്ഞ എം എസ് പി സംഘം പാർട്ടി നേതാക്കളെ പിടികൂടാനായി കെണിയൊരുക്കി കാത്തിരുന്നു. മുക്കാളിയിലെത്തിയ എം എസ് പി സംഘം ഒഞ്ചിയത്തേക്ക് നീങ്ങി.

ഏപ്രിൽ 30ന് പുലർച്ചെ നാലിന് അവർ മണ്ടോടി കണ്ണന്റെ വീട്ടിൽ പാഞ്ഞുകയറി. കണ്ണനെ കിട്ടാത്ത രോഷം തീർക്കാനായി ഭീകരത സൃഷ്ടിച്ചു. കർഷക കാരണവർ പുളിയുള്ളതിൽ ചോയിയെയും മകൻ കണാരനെയും പിടികൂടി കൈയാമം വെച്ച് പോലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് പുലർകാല നിശബ്ദതയെ ഭേദിച്ചുകൊണ്ട് മെഗാഫോൺ വിളി ഉയർന്നത്: ” പ്രിയമുള്ളവരെ ഒഞ്ചിയത്ത് എം എസ് പിക്കാർ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവർ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരുവിൻ…”മെഗാഫോൺ വിളികേട്ട് ചെറ്റക്കുടിലുകളിൽ ഓലച്ചൂട്ടുകൾ മിന്നി. നാട്ടുകാർ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. എം എസ് പിക്കാരെ തടഞ്ഞിട്ട് പിടിച്ചുകൊണ്ടു പോയവരെ വിട്ടുതരണം എന്നാവശ്യപ്പെട്ടു. ഒഞ്ചിയത്തിന്റെ ഈ അഭ്യർഥന കേൾക്കാതെ പോലീസ് സേന മുന്നോട്ടുനീങ്ങി. അവർക്കു പിറകെ അലറിവിളിച്ചുകൊണ്ട് നാട്ടുകാരും.

ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പോലീസ് സേനക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടി. ഇൻസ്‌പെക്ടർ തലൈമ ജനങ്ങൾ പിരിഞ്ഞുപോകണമെന്ന് ആക്രോശിച്ചു. അവർ പിരിഞ്ഞു പോയില്ല. ജനക്കൂട്ടത്തിനുനേരെ പോലീസ് 17 ചുറ്റ് വെടിയുതിർത്തു. ചെന്നാട്ടുതാഴെ വയലിൽ ചോരയൊഴുകി. എട്ട് പേർ അവിടെ പിടഞ്ഞുവീണു മരിച്ചു.
പിന്നെയും രണ്ട് പതിറ്റാണ്ടോളം രാഷ്ട്രീയ കേരളത്തിന്റെ ശബ്ദമായി മുഴങ്ങാൻ മെഗാഫോണിന് ഭാഗ്യമുണ്ടായി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉച്ചഭാഷിണി രംഗം കീഴടക്കുന്നതു വരെ ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്