Connect with us

Kerala

ബഹാഉദ്ദീന്‍ നദ്‌വി ജമാഅത്ത് സെമിനാറില്‍; അണികളില്‍ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട് | സമസ്ത ഇ കെ വിഭാഗം കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് ജമാഅത്തെ ഇസ്‌ലാമിയുടെ സെമിനാറില്‍ പങ്കെടുത്തത് വിവാദമായി. യു ഡി എഫിന്റെ ജമാഅത്ത് ബാന്ധവത്തിനെതിരെ ഇ കെ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഒരു ഉന്നത നേതാവ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ കുവൈത്ത് ഘടകമായ കുവൈത്ത് ഇസ്‌ലാമിക് ഗ്രൂപ്പിന്റെ ഹദീസ് പഠനം എന്ന സെമിനാറിലായിരുന്നു നദ്‌വി സംബന്ധിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വിവിധ ജമാഅത്ത് നേതാക്കള്‍ സംബന്ധിച്ചിരുന്നു.

നദ്‌വി സെമിനാറില്‍ സംബന്ധിച്ചതിനെതിരെ, “സമസ്തയെ വഞ്ചിക്കുന്നതും പിറകില്‍ നിന്ന് കുത്തുന്നതും അംഗീകരിക്കാനാവുമോ?” എന്ന തലക്കെട്ടില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ ത്വലബാ സെക്രട്ടറിയും അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി കൂടിയായ സിനാന്‍ അല്‍ അസ്ഹരിയുടെ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: സമസ്തയുടെ അജയ്യനായ പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ ഈ അടുത്തു നല്‍കിയ അഭിമുഖത്തില്‍ ഓര്‍മിപ്പിച്ചതും എടുത്തു പറഞ്ഞതും സമസ്തയുടെ മതേതര കാഴ്ചപ്പാടിനെ കുറിച്ചായിരുന്നു. സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാവുദ്ദീന്‍ നദ്‌വി സുന്നത്തു ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സെമിനാറുമായി സഹകരിച്ചതിന് മറുപടി പറയേണ്ടത് ഈ വിനീതനല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അത് നിര്‍വഹിക്കുമെന്ന് വിശ്വസിക്കുന്നു. സമസ്തയുടെ സ്ഥാപിത ലക്ഷ്യമായ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളെ തള്ളിപ്പറയുകയും ഒപ്പം മതരാഷ്ട്ര വാദം ഉന്നയിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കാന്‍ ഒരൊറ്റ സുന്നിക്കും സാധ്യമല്ലെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.”

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് നിലവിലെ വിമര്‍ശനം. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടും സമസ്തയുടെ നയ നിലപാടുകള്‍ക്ക് വിരുദ്ധമായതിനാലും മാത്രമാണ് എതിര്‍പ്പുകള്‍ വരുന്നതെന്നാണ് ചാവക്കാട്ട് നിന്നുള്ള ശഹ്ബാസ് ആമിര്‍ എന്ന പ്രവര്‍ത്തകന്‍ പോസ്റ്റിട്ടത്.
കണ്ണിയത്തിന്റെയും ശംസുല്‍ ഉലമയുടെയും ആണ്ട് മാസമാണെന്നെങ്കിലും മുശാവറ അംഗത്തിന് ഓര്‍ക്കാമായിരുന്നുവെന്നാണ് ഇ കെ വിഭാഗം വിദ്യാര്‍ഥി സംഘടനയുടെ സൈബര്‍ വിംഗിന്റെ മുന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Latest