International
ആപ്പുകള്‍ക്ക് ഏര്‍പെടുത്തിയ നിരോധനം ലോക വ്യാപാര കരാറിന്റെ ലംഘനമെന്ന് ചൈന

ബെയ്ജിങ് | ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയ ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്ത്. നിരോധനം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. 43 ചൈനീസ് ആപ്പുകള്‍ക്ക് കൂടി ഇന്ത്യ നിരോധനം ഏര്‍പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ദേശീയ സുരക്ഷയെ കാരണമായി ഉപയോഗിക്കുകയാണെന്നും ഇതിനെ ചൈന ശക്തമായി എതിര്‍ക്കുമെന്നും ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി. ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ന്യായവും നിക്ഷ്പക്ഷവും വിവേചന രഹിതവുമായ വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെതടക്കം ആപ്പുകള്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യ നിരോധനം ഏര്‍പെടുത്തിയത്. ഇതോടെ ഇന്ത്യ നിരോധിക്കുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം 267 ആയി.