Connect with us

National

ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം; തെലങ്കാനയില്‍ യുവ എന്‍ജിനീയറെ ഭാര്യയും ബന്ധുക്കളും കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

Published

|

Last Updated

പവന്‍ കുമാര്‍

ഹൈദരാബാദ് | തെലങ്കാനയില്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് യുവ എന്‍ജിനീയറെ ജീവനോടെ കത്തിച്ച് കൊന്നു. ഹൈദരാബാദ് ആല്‍വാല്‍ സ്വദേശിയും ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാചര്‍ല പവന്‍കുമാറാണ്(40) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പവന്‍ കുമാറിന്റെ ഭാര്യ കൃഷ്ണവേണിയെയും ബന്ധുക്കളായ ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പവന്‍കുമാറിന്റെ ഭാര്യാസഹോദരനായ ജഗന്‍ 12 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ജഗന്റെ മരണത്തിന് കാരണം പവന്‍കുമാറിന്റെ ദുര്‍മന്ത്രവാദമാണെന്ന് കൃഷ്ണവേണിയുടെ കുടുംബാംഗങ്ങള്‍ വിശ്വസിച്ചു. തിങ്കളാഴ്ച ഭാര്യവീട്ടിലെത്തിയ പവന്‍കുമാറിനെ കൃഷ്ണവേണിയുടെ മാതാപിതാക്കളും ജഗന്റെ ഭാര്യയും മറ്റു ബന്ധുക്കളും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

പവന്‍കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൃഷ്ണവേണിയുടെ ബന്ധുക്കള്‍ പെട്രോള്‍ വാങ്ങിവരുന്നതും വീട്ടിലേക്ക് പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.അതേസമയം, കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു കൃഷ്ണവേണിയുടെ വാാദം. ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയത് സഹോദരഭാര്യയായ സുമലതയാണെന്നും അവര്‍ ആരോപിച്ചു.

Latest