Kerala
ശിവശങ്കറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു; പദവി വ്യക്തമാക്കാത്തതില്‍ കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് അഡീഷണല്‍ സി ജെ എം കോടതി ഉത്തരവായി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ശിവശങ്കറും കോടതിയില്‍ ഹാജരായിരുന്നു. 10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും ദിവസം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു.
കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കസ്റ്റംസിനെ കോടതി രൂക്ഷമായ വിമര്‍ശിച്ചു.
ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാത്തതിനാലാണ് വിമര്‍ശിച്ചത്. ശിവശങ്കര്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചയാളാണ്. അതൊന്നും രേഖപ്പെടുത്താതെ എന്തുകൊണ്ടാണ് പിതാവിന്റെ പേര് മാത്രം സൂചിപ്പിച്ചതെന്നും മറ്റു വിശദാംശങ്ങള്‍ നല്‍കാന്‍ മടിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. മാധവന്‍ നായരുടെ മകന്‍ എന്നു മാത്രമാണ് ശിവശങ്കറിനെ കുറിച്ച് കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്.
എന്തിനാണ് കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതെന്നു കൂടി അപേക്ഷയില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു. നിരവധി ദിവസങ്ങളായി അന്വേഷണം നടക്കുന്നുവെന്നും ഇപ്പോള്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും മറ്റു പ്രതികളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നായിരുന്നു കസ്റ്റംസിന്റെ മറുപടി.
അതിനിടെ കേസിലെ മറ്റു പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരെയും അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.