National
അഹമ്മദ് പട്ടേലിന്റെ വിയോഗം; അനുശോചിച്ച് പ്രധാന മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള നേതാക്കള്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പട്ടേലിന്റെ മകന്‍ ഫൈസലിനെ അനുശോചനം അറിയിച്ചതായും പ്രധാന മന്ത്രി അറിയിച്ചു. വര്‍ഷങ്ങളോളം പൊതു ജീവിതത്തിലൂടെ സമൂഹത്തെ സേവിച്ച അഹമ്മദ് പട്ടേല്‍ജിയുടെ വിയോഗത്തില്‍ ഏറെ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ- മോദി ട്വീറ്റ് ചെയ്തു. പകരം വെക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നട്ടെല്ലായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. പാര്‍ട്ടിക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രാഹുല്‍ പറഞ്ഞു.
അഹമ്മദ് ജി ബുദ്ധിമാനും പരിചയസമ്പന്നനുമായ സഹപ്രവര്‍ത്തകനായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി അനുസമരിച്ചു. നിരന്തരം ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തിനെ സമീപിച്ചിരുന്നു. ഞങ്ങള്‍ക്കെല്ലാം വിശ്വസ്തനും എന്നും ആശ്രയിക്കാന്‍ കഴിയുന്ന സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല- പ്രിയങ്ക പറഞ്ഞു. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.