Connect with us

Kerala

പോലീസ് നിയഭ ഭേദഗതി പിന്‍വലിച്ചത് ജനാഭിപ്രായം കണക്കിലെടുത്തെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പോലീസ് നിയമത്തില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായം സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭേദഗതി കൊണ്ടുവരാന്‍ ഇടയാക്കിയ സാഹചര്യം എല്ലാവര്‍ക്കുമറിയാം. സ്ത്രീകളെ അധിക്ഷേപിക്കുക, അപകീര്‍ത്തി പെടുത്താന്‍ ശ്രമിക്കുക, ട്രാന്‍സ്‌ജെന്റേര്‍സിനെ അധിക്ഷേപിക്കുക തുടങ്ങിയ നിരവധി സംഭവങ്ങള്‍ ഉണ്ടായി. അന്നെല്ലാം അതിനെ നേരിടാനുള്ള നിയമത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മാധ്യമ മേധാവിമാരുടെ യോഗത്തിലും ഈ അഭിപ്രായം ഉയര്‍ന്നു. പ്രതിപക്ഷത്ത് നിന്നടക്കം ഈ ആവശ്യമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നിയമ ഭേദഗതി തയ്യാറാക്കിയത്.

നിയമം നിലവില്‍ വന്നപ്പോള്‍ അത് ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഇടത് സര്‍ക്കാരിനെ പിന്തുണച്ചവരടക്കം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ തന്നെ അവരുടെ മുഖപ്രസംഗങ്ങളില്‍ നിയമത്തെ വിമര്‍ശിച്ചു. സര്‍ക്കാരെന്ന നിലയില്‍ ആശങ്ക പരിഗണിക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടുത്ത് നിര്‍ത്തുവാനോ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നില്ല. നിയമം സദുദ്ദേശത്തോടെ ഉണ്ടാക്കിയതാണ്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് സര്‍ക്കാരിനൊപ്പമുള്ളവര്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ അത് പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സും ഇറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest