National
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത മുന്‍ ബിഎസ്എഫ് ജവാന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരാണസിയില്‍ നിന്ന് തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തേജ് ബഹദൂര്‍ യാദവിന്റെ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെതാണ് വിധി.
വരാണസിയില്‍ പ്രധാനമന്ത്രിക്ക് എതിരെ തേജ് ബഹദൂര്‍ പത്രിക നല്‍കിയിരുന്നു. ആദ്യം സ്വതന്ത്രനായും പിന്നീട് എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണയോടെയും നല്‍കിയ രണ്ട് പത്രികകളും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളി. ഇതിനെതിരെ തേജ് ബഹദൂര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹരജി തള്ളി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതിയും തള്ളിയത്.
ജവാന്മാര്‍ക്ക് ഗുണമേന്മ ഇല്ലാത്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തേജ് ബഹദൂറിനെ ബിഎസ്എഫ് പിരിച്ചുവിട്ടത്.