പോലീസ്​ ആക്​ട്​ ഭേദഗതി തീരുമാനം പുനഃപരിശോധിക്കണം: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം 

Posted on: November 22, 2020 11:33 pm | Last updated: November 22, 2020 at 11:33 pm
ജിദ്ദ | സൈബർ കുറ്റകൃത്യങ്ങളെ തടയാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന പോലീസ്​ ആക്​ട്​ ഭേദഗതി വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനും കൂച്ചുവിലങ്ങിടുന്ന തരത്തിലായിപ്പോയെന്നും സർക്കാർ ഇതിൽ നിന്നും പിന്മാറണമെന്നും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സൈബറിടത്തിൽ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നിലവിലുള്ള നിയമം തന്നെ കർശനമാക്കുന്നതിന് പകരം അതിന്റെ പേരിൽ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിയമ ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ചു രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതമനുസരിച്ചോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ ഏതൊരു വാർത്തയുടെ പേരിലും ഏത് മാധ്യമ സ്ഥാപനത്തിനും മാധ്യമപ്രവർത്തകനുമെതിരെ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാം.

ഇത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡണ്ട് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.