Connect with us

National

പാര്‍ട്ടിയുടെ അപചയത്തിന് കാരണം സ്തുതിപാഠകർ; ഘടനാപരമായ മാറ്റം അനിവാര്യം: ഗുലാം നബി ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി അംഗങ്ങള്‍ മുതല്‍ നേതൃത്വത്തിലുള്ളവര്‍ വരെ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കണമെന്നും എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന രീതി മാറണം. നാളിതുവരെ ഓരോ തലത്തിലും പ്രവര്‍ത്തന രീതി മാറ്റുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മാറുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം പദ്ധതികള്‍ നല്‍കുകയും പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടിയുടെ ഘടന തകര്‍ന്നിരിക്കുകയാണെന്നും അത് പുനസൃഷ്ടിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമായിരന്നു ഗുലാം നബിയുടെ മറുപടി. നേതാക്കളെ മാറ്റിയാല്‍ ബീഹാറിലും യുപിയിലും മധ്യപ്രദേശിലുമെല്ലാം വിജയിക്കുമെന്ന് പറയുന്നത് ശരിയല്ല. സംവിധാനങ്ങള്‍ മാറിയാല്‍ മാത്രമേ അത് സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്തുതിപാഠകരാണ് പാര്‍ട്ടിയുടെ അപചയത്തിനും നേതാക്കളുടെ പതനത്തിനുമുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. എല്ലാ തലങ്ങളിലും ഈ സംസ്‌കാരത്തില്‍ നിന്ന് നമ്മള്‍ മാറിനില്‍ക്കണം. രാഷ്ട്രീയം ഒരു തപസ്സാണ്. ആസ്വാദനത്തിനും പണത്തിനുമായി രാഷ്ട്രീയത്തില്‍ ചേരുന്നവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചനക്ഷത്ര സംസ്‌കാരത്തിലൂടെ ഒരു വോട്ടെടുപ്പിലും വിജയിക്കില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നു എന്നതാണ് ഇന്നത്തെ നേതാക്കളുടെ പ്രശ്‌നം. ഒരു പരുക്കന്‍ റോഡ് ഉണ്ടെങ്കില്‍ അവര്‍ പോകില്ല. പഞ്ച നക്ഷത്ര സംസ്‌കാരം ഉപേക്ഷിക്കുന്നതുവരെ ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കോവിഡ് മഹാമാരി കാരണം അവര്‍ക്ക് ഇപ്പോൾ കൂടുതലൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ യാതൊരു മാറ്റവുമില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. ദേശീയ ബദലാകാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരവാഹികളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു.