കിഫ്ബി: സംശയിച്ചവരെ പരിഹസിച്ചവര്‍ വെള്ളം കുടിക്കും- വി ഡി സതീശന്‍

Posted on: November 22, 2020 2:47 pm | Last updated: November 22, 2020 at 2:47 pm

കൊച്ചി |  കിഫ്ബിയെ കുറിച്ച് സംശയങ്ങളും ആക്ഷേപവും ഉന്നയിച്ചവരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്ന് കോണ്‍ഗ്രസ് എം എല്‍ എ വിഡി സതീശന്‍. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. കിഫ്ബിയെക്കുറിച്ച് ഇ ഡി അന്വേഷിക്കുമെന്നാണ് വാര്‍ത്ത. അപ്പോള്‍ മസാല ബോണ്ട്, 9.72 ശതമാനം പലിശ, സി ഡി പി ക്യു, ലണ്ടനിലെ മണിയടി, ഫെമാ നിയമത്തിന്റെ ലംഘനം, ഭരണഘടനയുടെ 293 (1) വകുപ്പ്, ഡോളര്‍ -രൂപ വ്യത്യാസം എന്നിവയെല്ലാം പരിശോധിക്കപ്പെടുമെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കിഫ്ബി മസാല ബോണ്ടില്‍ ആര്‍ ബി ഐയില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഇ ഡി. ആര്‍ ബി ഐക്ക് ഇഡി കത്തയച്ചു. ആര്‍ ബി ഐയുടെ അനുമതിയോട് കൂടിയാണ് മസാല ബോണ്ടുകള്‍ വിദേശ വിപണിയില്‍ ഇറക്കിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനാല്‍തന്നെ ആര്‍ ബി ഐ സംസ്ഥാന സര്‍ക്കാറിന് മസാല ബോണ്ടുകള്‍ ഇറക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടികൊണ്ടാണ് കത്തയച്ചിരിക്കുന്നത്.