ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി: ഐ എം എ നിയമ നടപടി സ്വീകരിക്കും

Posted on: November 22, 2020 1:16 pm | Last updated: November 22, 2020 at 3:58 pm

തിരുവനന്തപുരം |  ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ എം എ കേരള ഘടകം. തീരുമാനം ഇന്ത്യയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കും. ആയുര്‍വേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ ഇത് തകര്‍ക്കും. വിഷയത്തെ നിയമപരമായും അല്ലാതേയും നേരിടാന്‍ പുതുതായി ചുമതലയേറ്റ ഐ എം എ കേരള ഘടകം കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു.

സങ്കരചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. ആയുര്‍വേദ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ എന്‍ ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പറയുന്നത്.