ജി 20 ഉച്ചകോടിക്ക് സഊദിയിൽ തുടക്കമായി

Posted on: November 21, 2020 8:53 pm | Last updated: November 22, 2020 at 7:29 am

റിയാദ് | അഞ്ചാമത് ജി- 20 ഉച്ചകോടിക്ക് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ സഊദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. ആഗോള വ്യാപകമായി പടർന്ന് പിടിച്ച കൊവിഡ് -19നെതിരെ വാക്‌സിനുകൾ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങൾ പ്രവർത്തിക്കണമെന്ന് സൽമാൻ രാജാവ് പറഞ്ഞു.

രോഗ പ്രതിരോധ ചികിത്സകൾ, ഡയഗ്നോസ്റ്റിക്സ് ഉപകരണങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കുന്നതിൽ ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിന്റെ സേവനങ്ങൾ ലഭ്യമാക്കണം. ലോക രാജ്യങ്ങളും സമ്പദ്‌വ്യവസ്ഥകളും ഇപ്പോഴും കൊവിഡിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടിയിട്ടില്ലെന്നും , ഈ പ്രതിസന്ധിയെ അന്താരാഷ്ട്ര സഹകരണത്തിലൂടെ മറികടക്കാൻ ശ്രമിക്കുമെന്നും രാജാവ് വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങളെ നേരിടാൻ 21 ബില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്നും വികസന പുരോഗതി നിലനിർത്താൻ വികസ്വര രാജ്യങ്ങൾക്ക് ജി 20 രാജ്യങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലും തൊഴിൽ വിപണിയിലും സ്ത്രീകളുടെയും യുവാക്കളുടെയും പങ്ക് ശക്തിപ്പെടുത്തണ‌ം. പരിസ്ഥിതി സംരക്ഷണത്തിലും ഭൂമി നശീകരണത്തെ ചെറുക്കുന്നതിലും പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിലും ജി 20 രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ നയിക്കണമെന്നും സൽമാൻ രാജാവ് ലോക രാജ്യങ്ങളെ ഉണർത്തി.

ഡബ്ല്യുടിഒയുടെ ഭാവിയെക്കുറിച്ചുള്ള റിയാദ് ഇനിഷ്യേറ്റീവ് പദ്ധതി ജി 20 രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇത് നിലവിലെ ഏത് വെല്ലുവിളികളെയും നേരിടാൻ മൾട്ടിപാർട്ടറൽ ട്രേഡിംഗ് സിസ്റ്റത്തെ കൂടുതൽ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ യാത്രകളും ചരക്ക് ഗതാഗതവും സുഗമമാക്കുന്നതിന് സമ്പദ്‌വ്യവസ്ഥകളും അതിർത്തികളും വീണ്ടും തുറക്കണമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.

എയറോബാറ്റിക് വിമാനങ്ങളുടെ ആകാശ പ്രദർശനത്തോടെയാണ് രാജ്യം ഉച്ചകോടിക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച, ജി 20 രാഷ്ട്രത്തലവന്മാരുടെ വെർച്വൽ “ഫാമിലി ഫോട്ടോ” ദിരിയയിലെ ചരിത്രപരമായ സാൽവ കൊട്ടാരത്തിൽ മാധ്യമപ്രവർത്തകർക്കുള്ള സാംസ്കാരിക അത്താഴത്തിൽ പ്രദർശിപ്പിച്ചിരുന്നു.

21-ാം നൂറ്റാണ്ടിന്റെ അവസരങ്ങൾ ഉപയോഗപ്പെടുത്തൽ’ എന്ന ശീര്ഷകത്തിലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത് ,കൊറോണ പശ്ചാത്തലത്തിൽ വെർച്വലായി നടക്കുന്ന ഉച്ചകോടി ഞായറാഴ്ച സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം രണ്ടാം തവണയാണ് ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നത്.