Kerala
കൊല്ലത്ത് രണ്ടിടങ്ങളിലായി ഹാഷിഷും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

കൊല്ലം | കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളിലായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ രാജ്യാന്തര വിപണിയില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവും പിടികൂടി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ഹാഷിഷുമായി ചവറയില്‍ നിന്ന് തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരും കൊല്ലം നഗരത്തില്‍ നിന്ന് കഞ്ചാവുമായി കാവനാട് സ്വദേശി അജിമോനുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരം നഗരൂരില്‍ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത സംഭവത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് സിറാജിന്റെ നേതൃത്വത്തില്‍ ചവറയിലെ വാടക വീട്ടില്‍ സൂക്ഷിച്ച ശേഷം സംസ്ഥാനമെമ്പാടും വിതരണം ചെയ്യുകയായിരുന്നെന്നും എക്‌സൈസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.