Connect with us

Gulf

ജി 20 ഉച്ചകോടി നവംബര്‍ 21, 22 തീയതികളില്‍ റിയാദില്‍

Published

|

Last Updated

റിയാദ് | “21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍” എന്ന ശീര്‍ഷകത്തില്‍ പതിനഞ്ചാമത് ജി 20 ഉച്ചകോടി നവംബര്‍ 21, 22 തീയതികളില്‍ സഊദി തലസ്ഥാനമായ റിയാദില്‍ നടക്കും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ വിര്‍ച്വല്‍ വഴിയാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുക. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഇന്ത്യ, സഊദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ വന്‍ ശക്തികളായ ഇരുപത് രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ജൂണില്‍ ജപ്പാനിലെ ഒസാക്കയില്‍ ചേര്‍ന്ന പതിനാലാമത് ഉച്ചകോടിയിലാണ് സഊദി അറേബ്യക്ക് 2020 ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.

കൊവിഡ് 19 സാഹചര്യം മൂലം ഉച്ചകോടിക്ക് മുന്നോടിയായി ജി 20 രാജ്യങ്ങളിലെ വിവിധ മന്ത്രിതല സമ്മേളനങ്ങളുള്‍പ്പെടെ നൂറിലധികം ഉപ ഉച്ചകോടികളും ആതിഥേയരായ സഊദിയുടെ നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയായി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും ലോക സാമ്പത്തിക രംഗത്തെ മാന്ദ്യം തടയുന്നതിനും സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമായി.

പശ്ചിമേഷ്യയില്‍ നടക്കുന്ന ആദ്യത്തേതെന്ന പ്രത്യേകതയും ഇത്തവണത്തെ ജി-20 ഉച്ചകോടിക്കുണ്ട്. കൊവിഡ് പ്രതിരോധ മരുന്നുകളുടെ ഉത്പാദനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനുകളുടെ വിതരണം എന്നിവക്കായി ജി 20 രാജ്യങ്ങള്‍ 21 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം സംഭാവന നല്‍കിയത്.
ഉച്ചകോടിയില്‍ സാധാരണ അംഗ രാജ്യങ്ങള്‍ തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ചകള്‍ സാധാരണ നടക്കാറുണ്ടെങ്കിലും ഈ വര്‍ഷം ഉണ്ടാവില്ല.

മാര്‍ച്ചില്‍ നടന്ന അസാധാരണ വിര്‍ച്വല്‍ ഉച്ചകോടി, വര്‍ക്കിംഗ് ഗ്രൂപ്പ്, ജി-20 മന്ത്രിതല യോഗങ്ങളുടെ തീരുമാനങ്ങള്‍ക്കും ഉച്ചകോടി അംഗീകാരം നല്‍കും. ആഗോള സമ്പദ്വ്യവസ്ഥയുടെ സംരക്ഷണം, കൊവിഡ് പ്രതിസന്ധിയെ മറികടക്കല്‍, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം, പുതിയ പദ്ധതികളുടെ ആസൂത്രണം, സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍, നൂതന കണ്ടുപിടിത്തങ്ങള്‍ പര്യാപ്തമാക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവയും റിയാദ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

സഊദി അറേബ്യക്ക് പുറമെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, യൂറോപ്യന്‍ യൂണിയന്‍, അര്‍ജന്റീന, ആസ്േ്രതലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, കൊറിയ, റഷ്യ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി സ്‌പെയിന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ഈ വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest