യു പിയില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും അടിച്ചു കൊന്നു

Posted on: November 18, 2020 6:36 pm | Last updated: November 18, 2020 at 11:38 pm

ലക്‌നൗ |  ഉത്തര്‍പ്രദേശിലെ സോന്‍ബദ്ര ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു. സോന്‍ബദ്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നാഷണല്‍ ഹെറാള്‍ഡില്‍ കറസ്‌പോണ്ടന്റ് ഉദയ് പാസ്വാന്‍, ഭാര്യ ഷീത്‌ലയുമാണ് കൊല്ലപ്പെട്ടത്. പാസ്വാന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷീത്‌ല മരിച്ചത്.

ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനുമായി നിലനിന്നുരുന്ന ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഉദയ് പാസ്വാന്‍ നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. സംഭവത്തില്‍ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, വൈകുന്നേരത്തോടെ മടങ്ങുന്നതിനിടയിലാണ് ദമ്പതികളെ വടികളും ദണ്ഡുകളുമായി ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. സഹായത്തിനായി ദമ്പതികള്‍ നിലവിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല.ഉദയുടെ മകന്‍ വിനയ് പാസ്വാന്റെ പരാതി പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അവന്വേഷണം ആരംഭിച്ചു.