Connect with us

Editorial

നിര്‍ഭയ ഹോമുകള്‍ നിര്‍ത്തലാക്കരുത്

Published

|

Last Updated

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും അല്ലെന്നും. ചെലവ് ചുരുക്കലിന്റെ ഭാഗമായി തൃശൂരിലേത് ഒഴികെയുള്ള നിര്‍ഭയ ഹോമുകളെല്ലാം പൂട്ടുകയാണെന്ന് സാമൂഹികനീതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂരിലുള്ള മാതൃകാ ഹോം മാത്രമാകും ഇനി മുതല്‍ പ്രവര്‍ത്തിക്കുകയത്രെ. മറ്റു ജില്ലകളിലെ നിര്‍ഭയ ഹോമുകളെ പോക്‌സോ കേസുകളിലെ ഇരകളുടെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ക്ക് മാത്രമുള്ള എന്‍ട്രി ഹോമുകളാക്കുമെന്നും അവിടെയുള്ള താമസക്കാരായ പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി തൃശൂരിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി പ്രതിവര്‍ഷം 74.74 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. തൃശൂരിലെ മാതൃകാ ഹോമിലേക്കാവശ്യമായ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലൂടെ വേതനയിനത്തില്‍ 25 ലക്ഷവും ലാഭിക്കാനാകും.

അതേസമയം, നിര്‍ഭയ ഹോമുകള്‍ പൂട്ടുകയാണെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുന്നത്. എല്ലാ ജില്ലകളിലെയും നിര്‍ഭയ ഹോമുകളെ അതേപടി നിലനിര്‍ത്തും. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്ത് നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇരുനൂറോളം പേരെ പാര്‍പ്പിക്കാവുന്ന രീതിയില്‍ തൃശൂരിലെ നിര്‍ഭയ ഹോം മാതൃകാ ഹോമായി വികസിപ്പിച്ചിട്ടുണ്ട്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ അന്തേവാസികളില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്കു വേണ്ടി വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് അഞ്ച് കോടി രൂപ ചെലവഴിച്ച് മികച്ച ശാസ്ത്രീയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാതൃകാ ഹോം സജ്ജീകരിക്കുന്നത്. മികച്ച വിദ്യാഭ്യാസം, ചികിത്സ, കൗൺസലിംഗ്, വൊക്കേഷനല്‍ ട്രെയിനിംഗ് തുടങ്ങിയവ നല്‍കി അന്തേവാസികളെ സ്വയം പ്രാപ്തരാക്കി അവരുടെ വീടുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലകളിലെ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഷോര്‍ട്ട് ടേം ആയാണ് കുട്ടികളെ താമസിപ്പിക്കുന്നത്. ദീര്‍ഘകാലയളവില്‍ മികച്ച പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ ഹോം സജ്ജമാക്കിയത്. കുടുംബാന്തരീക്ഷം നിലനിര്‍ത്തി ശാരീരിക, മാനസിക ഉല്ലാസം ഉറപ്പ് വരുത്തുകയും ചെയ്യും.
നിലവില്‍ ഒരു മുറിയില്‍ തന്നെ പല തരത്തിലുള്ള ആള്‍ക്കാര്‍ കഴിയേണ്ടി വരുന്നുണ്ട്. വിവിധ പ്രായക്കാരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമെല്ലാം ഒരുമിച്ചാണ് താമസിക്കുന്നത്. തൃശൂര്‍ ഹോമില്‍ ഇവര്‍ക്കെല്ലാം വെവ്വേറെ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ബാലാവകാശ കമ്മീഷനും ഇത്തരമൊരു ഹോമിന്റെ നിര്‍മാണത്തിനു ശിപാര്‍ശ ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ നിര്‍ഭയ ഹോമുകളെല്ലാം എന്‍ ജി ഒകളുടെ കീഴില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം കുട്ടികളെ അപായപ്പെടുത്താനും കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി ഇവരെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടതാവശ്യമാണെന്ന് മന്ത്രി വിശദീകരിക്കുന്നു.

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍, പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളായവര്‍ തുടങ്ങി പോക്‌സോ കേസുകളിലെ ഇരകളെ താമസിപ്പിക്കാനായി 2012ലാണ് സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ഭയ ഹോമുകള്‍ സ്ഥാപിച്ചത്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യത്തിലുള്ളവരാണ് ഇവിടുത്തെ അന്തേവാസികളെല്ലാം. കുട്ടികളും മുതിര്‍ന്നവരുമടക്കം 350ഓളം പേരാണ് വിവിധ കേന്ദ്രങ്ങളിലായി ഇപ്പോഴുള്ളത്. ഇവരില്‍ വര്‍ഷങ്ങളോളമായി താമസിച്ചു വരുന്നവരുമുണ്ട്. ആവശ്യത്തിന് പോക്‌സോ കോടതികളില്ലാത്തത് മൂലവും മറ്റും വിചാരണ നീണ്ടുപോകുന്നതാണ് പലരും ഇവിടെ കൂടുതല്‍ കാലം തങ്ങാന്‍ ഇടയാക്കുന്നത്. 22 പോക്‌സോ കോടതികളാണ് നിലവിലുള്ളത്. ഇവയുടെ എണ്ണം 56 ആയി ഉയര്‍ത്താന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. അതോടെ കേസുകള്‍ വേഗത്തില്‍ അവസാനിക്കുകയും ഇരകള്‍ നിര്‍ഭയ ഷെല്‍ട്ടറുകളില്‍ കൂടുതല്‍ കാലം തങ്ങേണ്ട സ്ഥിതിവിശേഷം ഇല്ലാതാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മറ്റു ജില്ലകളിലെ കുട്ടികളെയെല്ലാം തൃശൂരിലെ മാതൃകാ ഹോമിലേക്ക് മാറ്റുന്നതിനോട് അവരുടെ രക്ഷിതാക്കള്‍ക്കും സാമൂഹിക വിദഗ്ധര്‍ക്കും വിയോജിപ്പുണ്ട്. നിലവില്‍ ഇരകള്‍ സ്വന്തം ജില്ലകളില്‍ തന്നെയാണ് താമസമെന്നതിനാല്‍ ഇടക്കിടെ മാതാപിതാക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാന്‍ സാധ്യമാകുന്നുണ്ട്. ഇത് കുട്ടികള്‍ക്ക് ആശ്വാസമാണ്. തൃശൂരിലേക്ക് മാറ്റുന്നതിലൂടെ മാതാപിതാക്കളുടെ സാന്നിധ്യം നഷ്ടമാക്കുമെന്നും കുട്ടികളെ അത് മാനസിക സമ്മര്‍ദത്തിലാക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. പീഡനം ഏല്‍പ്പിച്ച മാനസികാഘാതം, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, സമൂഹം തങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ആശങ്ക തുടങ്ങി ഇരകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത് ലഘൂകരിക്കാന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള നിര്‍ഭയ ഷെല്‍ട്ടറുകള്‍ തന്നെയായിരിക്കും കൂടുതല്‍ ഉചിതം. ചില്ലറ സാമ്പത്തിക നേട്ടത്തേക്കാള്‍ ഇരകളുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു പുനരാലോചന ആവശ്യമാണ്.

ഇതോടൊപ്പം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെ പോക്‌സോ നിയമത്തിലെ വ്യവസ്ഥകളുടെ ചട്ടങ്ങളും കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. കേസെടുത്തത് മുതല്‍ വിചാരണ അവസാനിക്കുന്നതു വരെ ഇരകള്‍ക്ക് സഹായിയെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. കോടതി പരിസരത്ത് വെച്ചും മറ്റും ഇരയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കാനാണ് സഹായിയെ നിയോഗിക്കുന്നത്. 2016 മുതല്‍ 2019 വരെയുള്ള നാല് വര്‍ഷക്കാലത്തിനിടെ സംസ്ഥാനത്ത് 7,924 പ്രതികള്‍ ഉള്‍പ്പെട്ട 6,934 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് വെറും 90 എണ്ണത്തില്‍ മാത്രം. സ്വാധീനത്തിലൂടെയും മറ്റും ഇരകളെ പാട്ടിലാക്കി മൊഴി മാറ്റിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഇത്രയും കുറഞ്ഞത്.