Connect with us

Fact Check

FACTCHECK: കൊവിഡ് വാക്‌സിന്‍ ഡി എന്‍ എയില്‍ മാറ്റമുണ്ടാക്കുമോ?

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ്- 19 വാക്‌സിന്‍ മനുഷ്യ ഡി എന്‍ എയെ മാറ്റുമെന്ന ഒരു ഡോക്ടറുടെ നാല് മിനുട്ട് നീളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒബ്സ്റ്റിട്രീഷ്യന്‍- ഗൈനക്കോളജിസ്റ്റ് ആയ ഡോ.ക്രിസ്റ്റീന നോര്‍ത്ത്രപ് ആണ് ദി ഓപ്‌റ ഷോയില്‍ ഈ അവകാശവാദങ്ങള്‍ ഉയര്‍ത്തിയത്. ബില്‍ ഗേറ്റ്‌സും മെളിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനും ജനങ്ങളുടെ ബയോമെട്രിക് വിവരം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ആര്‍ എന്‍ എ വാക്‌സിനുകള്‍ മനുഷ്യ ഡി എന്‍ എയില്‍ മാറ്റം വരുത്തും. മനുഷ്യന്റെതല്ലാത്ത ഡി എന്‍ എ വിചിത്ര മനുഷ്യനെ സൃഷ്ടിക്കും. വാക്‌സിനില്‍ ഉപയോഗിച്ച ലോഹങ്ങള്‍ മനുഷ്യശരീരത്തില്‍ ആന്റിനകള്‍ സൃഷ്ടിക്കുകയും 5ജി സാങ്കേതികവിദ്യയില്‍ ഇത് കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും. വാക്‌സിനില്‍ അടങ്ങിയ നാനോപാര്‍ട്ടിക്കിളുകള്‍ ബയോമെട്രിക് ഡിറ്റക്ടറായി പ്രവര്‍ത്തിക്കും. ഇതിന്റെ പേറ്റന്റ് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനാണ്. ക്രിപ്‌റ്റോകറന്‍സിക്ക് വേണ്ടി ഈ ബയോമെട്രിക് ഡിറ്റക്ടറുകള്‍ വ്യാപാരം ചെയ്യപ്പെടും.

യാഥാര്‍ഥ്യം: വാക്‌സിന്‍ വിരുദ്ധ സംഘടനയിലെ അംഗവും ഓട്ടിസം ആക്ടിവിസ്റ്റുമായ പോളി ടോമ്മിയാണ് ഡോ.ക്രിസ്റ്റീനയെ അഭിമുഖം നടത്തിയത്. 37 മിനുട്ട് വരുന്ന വീഡിയോയില്‍ നിന്നുള്ള നാല് മിനുട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡോ.ക്രിസ്റ്റീന തെളിവുകളൊന്നും പറഞ്ഞിട്ടില്ല.

ആര്‍ എന്‍ എ വാക്‌സിന്‍ മനുഷ്യ ഡി എന്‍ എയില്‍ മാറ്റംവരുത്തുമെന്ന വാദം ജനിതക വസ്തുവില്‍ സ്വീകരിക്കുന്ന അടിസ്ഥാനതത്വങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് പറയുന്നു ഡോ.കൃഷ്ണസ്വാമി. മാത്രമല്ല, നിലവിലെ ആര്‍ എന്‍ എ വാക്‌സിനുകള്‍ മനുഷ്യരില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടില്ല. പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍ എന്‍ എ വാക്‌സിന്‍ കൊവിഡ് പ്രതിരോധിക്കാന്‍ കാര്യക്ഷമമാണെന്നാണ് ഫിസര്‍, മോഡേണ തുടങ്ങിയ കമ്പനികളുടെ പരീക്ഷണത്തില്‍ തെളിഞ്ഞത്. ആര്‍ എന്‍ എ സൈറ്റോപ്ലാസ്മയിലും ഡി എന്‍ എ കോശങ്ങളുടെ കേന്ദ്രഭാഗത്തിലുമാണ് കാണപ്പെടുക. ഡി എന്‍ എയില്‍ മാറ്റം വരുത്തണമെങ്കില്‍ ഈ ആര്‍ എന്‍ എ കോശങ്ങളുടെ കേന്ദ്രഭാഗത്തിലേക്ക് നീങ്ങണം. പക്ഷേ അങ്ങനെയല്ല ഈ വാക്‌സിന്റെ പ്രവര്‍ത്തനം.

വിചിത്ര മനുഷ്യന്റെ സൃഷ്ടിപ്പിന് വകവെക്കുമെന്നത് തെറ്റിദ്ധാരണ പരുത്തുന്നതാണെന്ന് പറയുന്നു ശാസ്ത്രജ്ഞര്‍. മിത്തോളജിയിലെ മാത്രം കാണപ്പെടുന്നതാണിത്. ഒരു മനുഷ്യശരീരത്തില്‍ രണ്ട് വ്യത്യസ്ത തരം ഡി എന്‍ എ ഉണ്ടാകുമ്പോഴാണ് വിചിത്ര ജീവിയുണ്ടാകുന്നത്. വാക്‌സിനില്‍ ലോഹവും നാനോപാര്‍ട്ടിക്കിളുമുണ്ട് എന്നത് തെറ്റാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.