Connect with us

Kerala

മലബാർ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ അറബിക് സർവ്വകലാശാല സ്ഥാപിക്കണം: സംസ്ഥാന ഹജ് കമ്മിറ്റി

Published

|

Last Updated

കോഴിക്കോട് | കേരള ചരിത്രത്തിൽ വഴി വിളക്കായി ജ്വലിച്ചു നിൽക്കുന്ന മഖ്ദും പരമ്പരയുടെ സ്മരണാർത്ഥം, കേരളത്തിൽ മലബാർ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ അറബിക് സർവ്വകലാശാല സ്ഥാപിക്കാൻ കേരള സംസ്ഥാന ഹജ് കമ്മിറ്റി സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ പതിനഞ്ച് പതിനാർ നൂറ്റാണ്ടുകൾ കേരളചരിത്രത്തിൽ അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായക ചരിത്രത്തിൽ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്ര പുരുഷന്‍, ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്റെ മകനും അധിനിവേശ വിരുദ്ധ പോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസും, കേരളത്തിലെ പ്രഥമ ചരിത്രകാരനുമായ ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ജീവിച്ചത് ഈ കാലഘട്ടത്തിലാണ്.

വൈജ്ഞാനിക നായകനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീൻ ഒന്നാമൻ തന്റെ അനുപമ സിദ്ധിവിശേഷം മത വിജ്ഞാനത്തിന്റെയും ദേശത്തിന്റെയും മതമൈത്രിയുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും സര്വോാന്മുഖമായ പുരോഗതിക്കു വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയിൽ ആദ്യമായി ഉജ്ജ്വലമായ നേതൃത്വവും താത്വിക അടിത്തറയും പാകിയ അതുല്യനും അനിഷേധ്യനുമായ നവോദ്ധാന നായകരാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.

യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി ആധ്യക്ഷത വഹിച്ചു. ഹജ് കമ്മിറ്റി മെമ്പർമാരായ മുഹമ്മദ് മുഹസിൻ.എം.എൽ.എ, കാസിം കോയ പൊന്നാനി ,പി.കെ. അഹമ്മദ്. കോഴിക്കോട്, എച്ച്. മുസമ്മിൽ ഹാജി കോട്ടയം, കടയ്ക്കൽ അബ്ദൂൽ അസീസ് മൗലവി കൊല്ലം, എം എസ് അനസ് ഹാജി അരൂർ, അബ്ദുറഹിമാൻ എന്ന ഇണ്ണി കൊണ്ടോട്ടി, വി.ടി. അബ്ദുള്ളക്കോയ തങ്ങൾ വളാഞ്ചേരി, മുസ്ലിയാർ സജീർ മലപ്പുറം, എൽ. സുലൈഖ കാസറഗോഡ് എന്നിവർ പങ്കെടുത്തു